കൊയിലാണ്ടി നഗരസഭ ഹരിത കർമ്മസേന ഏകദിന പരിശീലനം ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭ ഹരിത കർമ്മസേന ഏകദിന പരിശീലനം ആരംഭിച്ചു. നഗരസഭ പരിധിയിലെ 44 വാർഡുകളിലെയും വീടുകളിൽ കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവർത്തനത്തിനുള്ള കർമ്മസേന അംഗങ്ങൾക്കുള്ള പരിശീലനം നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നിലവിൽ വീടുകളിൽ നിന്ന് എല്ലാ മാലിന്യങ്ങളും നഗരസഭ വളണ്ടിയർമാർ ഒരു കേന്ദ്രത്തിൽ എത്തിച്ച് വേർതിരിക്കുന്ന പ്രവർത്തനമാണ് നടന്നിരുന്നത്.
എന്നാൽ കുറേകൂടി സൌകര്യപ്രദമായി ശാസ്ത്രീയമായ രീതിയിൽ മാലിന്യം വീടുകളിൽ വെച്ച് തന്നെ വേർതിരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റുന്ന നൂതന സംവിധാനമാണ് പരീക്ഷിക്കുന്നത്. നഗരസഭയില വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരാണ് ഇന്ന് പരിശീലനത്തിന് എത്തിയത്. നഗരസഭ ടൌൺഹാളിൽ വെച്ച് നടക്കുന്ന പരിശീലന ക്ലാസിൽ നഗരസഭ കൌൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സീനത്ത് ക്ലാസിന് നേതൃത്വം കൊടുത്തു. കോ – ഒർഡിനേറ്റർ ചന്ദ്രൻ, ജെ.എച്ച്.ഐ. മാരായ ഷീബ, ഷീജ എന്നിവർ സംസാരിച്ചു