KOYILANDY DIARY

The Perfect News Portal

കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം

കാണ്ഡഹാര്‍:  അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിന് പിന്നില്‍ താലിബാന്‍ ഭീകരരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ കടന്നതായാണ് പറയുന്നത്.

പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളവും ആക്രമിച്ചത്. വിമാനത്താവളത്തിന് സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയും സമീപമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വിമാനത്താവളത്തിന് അടുത്തുള്ള സ്‌ക്കൂളില്‍ കയറിപ്പറ്റിയ ഭീകരര്‍ സ്‌ക്കൂളില്‍ തമ്പടിച്ച് വിമാനത്താവളത്തിന് നേരെ വെടിവെപ്പ് നടത്തി. അഫ്ഗാന്‍ സൈനികര്‍ തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും ഭീകരരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.