അംഗീകാരമില്ലാത്ത ഗോഡൗണില്‍ സിലിണ്ടര്‍ ഇറക്കുന്നത് തടഞ്ഞു

വടകര: ഏറാമല പഞ്ചായത്തിലെ മുയിപ്രയിലെ ഗോഡൗണില്‍ പാചകവാതക സിലിണ്ടറുകള്‍ ഇറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഗ്യാസ് ഗോഡൗണ്‍ അനധികൃതമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് ഗോഡൗണ്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ദീര്‍ഘകാലമായി സമരത്തിലാണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നിര്‍മാണ അനുമതി നേടിയെടുക്കുകയായിരുന്നുവെന്നാണ് സമീപവാസികളുടെ ആരോപണം. ഗ്യാസ് ഗോഡൗണിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. വാണിജ്യാവശ്യത്തിന് കെട്ടിടം പണിയുന്നതിനാണ് അനുമതി നല്‍കിയത്. കെട്ടിടം പണിത ശേഷം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് നേടിയെടുക്കാനായി ശ്രമിക്കുകയായിരുന്നു.

സര്‍വകക്ഷികളടങ്ങിയ നാട്ടുകാര്‍ ഗ്യാസ് ഗോഡൗണിനെതിരെ സമരത്തിലാണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചതിനാല്‍ ഭരണസമിതിയും എതിരാണ്. കെട്ടിടത്തില്‍ അടുത്ത ദിവസം ഗ്യാസ് സൂക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ എടച്ചേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗോഡൗണിലേക്കു സിലിണ്ടറുകളുമായി ലോറിയെത്തിയതറിഞ്ഞ് നാട്ടുകാര്‍ ഗ്യാസ് ഇറക്കുന്നത് തടഞ്ഞത്. ഗ്യാസ്‌ഏജന്‍സിയുടെ ആളുകളും നാട്ടുകാരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്‌കരനും നേതാക്കളും സ്ഥലത്തെത്തി. എന്നാല്‍ വൈകുന്നേരം വീണ്ടും ഗ്യാസ് ഇറക്കാന്‍ ശ്രമിച്ചതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഗോഡൗണ്‍ വളഞ്ഞു. സംഘര്‍ഷാവസ്ഥയായതോടെ സ്ഥാപനമുടമ സിലിണ്ടറുകള്‍ മാറ്റാന്‍ തയ്യാറാവുകയായിരുന്നു.

എറണാകുളം സ്വദേശിയാണ് മുയിപ്രയില്‍ സ്ഥലം വാടകയ്ക്കെടുത്ത് ഗോഡൗണ്‍ പണിതത്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ എതിര്‍പ്പുമായെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വൈകീട്ട് അഞ്ചേകാല്‍ മണിയോടെ ഗ്യാസ് സിലിണ്ടറുമായി ലോറി തിരിച്ചു പോയതോടെയാണ് പിരിഞ്ഞു പോയത്. വാര്‍ഡ് മെമ്ബര്‍ സി.ടി.കുമാരന്‍, എ.കെ ബാബു, എ.കെ.വിജയന്‍, എം.കെ.ജയരാജന്‍, എ.കെ.കുഞ്ഞിക്കണാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
