KOYILANDY DIARY.COM

The Perfect News Portal

കുപ്പിവെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

.

കടകളില്‍നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോള്‍ പലരും ബ്രാന്‍ഡിനും വിലയ്ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ എല്ലാ കുപ്പിവെള്ളവും ഒരേ വിഭാഗത്തില്‍പ്പെട്ടതല്ല. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറും നാച്ചുറല്‍ മിനറല്‍ വാട്ടറും തമ്മില്‍ പ്രധാനപ്പെട്ട പല വ്യത്യാസങ്ങളുണ്ട്. ബിസ്ലേരിയുടെ ഒരു കുടിവെള്ള സാമ്പിളുമായി ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ വിവാദം വീണ്ടും ശ്രദ്ധ നേടുമ്പോള്‍ കുപ്പിവെള്ളം വാങ്ങുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 

ബിസ്ലേരി ഇന്റര്‍നാഷണലിന്റെ ഗോവയിലെ പ്ലാന്റില്‍നിന്ന് 2025 സെപ്റ്റംബറില്‍ ശേഖരിച്ച ഒരു പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ സാമ്പിളിലാണ് പരിശോധനയില്‍ പ്രശ്‌നം കണ്ടെത്തിയത്. ആദ്യ പരിശോധനയില്‍ വെള്ളത്തില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ലിറ്ററില്‍ 10 മൈക്രോഗ്രാം ആണ് അനുവദനീയമായ പരിധി. എന്നാല്‍ സാമ്പിളില്‍ 12 മൈക്രോഗ്രാം കണ്ടെത്തിയെന്നാണ് ആദ്യ പരിശോധനയിലെ റിപ്പോര്‍ട്ട്.

 

കമ്പനി അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ തുടര്‍പരിശോധനയില്‍ പോളിന്യൂക്ലിയര്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) കണ്ടെത്തിയതായും സാമ്പിള്‍ സുരക്ഷിതമല്ലെന്ന് വിലയിരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കാന്‍ FSSAI അനുമതി നല്‍കി. എന്നാല്‍ ഈ പരിശോധനാഫലങ്ങളെ ബിസ്ലേരി ചോദ്യം ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി നടത്തിയ മറ്റൊരു പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലായിരുന്നുവെന്നാണ് കമ്പനി പറയുന്നത്.

 

വിവിധ സ്രോതസ്സുകളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് അണുവിമുക്തമാക്കി കുപ്പികളിലോ മറ്റ് പാക്കേജുകളിലോ നിറച്ച് വില്‍ക്കുന്നതാണ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍. ഭൂഗര്‍ഭജലം, മുനിസിപ്പല്‍ ജലവിതരണം തുടങ്ങിയ സ്രോതസ്സുകളില്‍നിന്ന് വെള്ളം ശേഖരിക്കാം. വെള്ളത്തിന്റെ ഗുണനിലവാരമനുസരിച്ച് ഫില്‍ട്രേഷന്‍, റിവേഴ്സ് ഓസ്‌മോസിസ് (RO), അള്‍ട്രാവയലറ്റ് (UV) ശുദ്ധീകരണം, ഓസോണേഷന്‍ തുടങ്ങിയ പ്രക്രിയകള്‍ ഉപയോഗിക്കാം.

 

ശുദ്ധീകരണത്തിനുശേഷം വെള്ളം മനുഷ്യര്‍ക്ക് കുടിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ കുപ്പിവെള്ളത്തിന്റെ സുരക്ഷ നിര്‍ണയിക്കുന്നത് അത് എവിടെനിന്ന് ശേഖരിച്ചുവെന്നതുമാത്രമല്ല, എങ്ങനെ ശുദ്ധീകരിച്ചു, ഗുണനിലവാര പരിശോധനകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.

Share news