കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ നിരാഹാരം 18-ാം ദിവസത്തിലേക്ക്
.
കാലടി സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സത്യാഗ്രഹം 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്. മുൻ മന്ത്രിമാരായ ആർ ബിന്ദു, എം എം മണി എന്നിവർ ഇന്ന് സമരപ്പന്തലിലെത്തും. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി, ഡോ. ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് കാലടിയിൽ എത്തിയിരുന്നു.

കാലടി സർവകലാശാല വി സി സിസ തോമസും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും വിദ്യാർത്ഥികളോട് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. അതേസമയം, സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി വിധി പറയാൻ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

സർവകലാശാലയുടെ അച്ചടക്ക നടപടികളിൽ ശിക്ഷകൾ പ്രത്യേകമായി നിർദേശിക്കുന്ന ഓർഡിനൻസോ ഔദ്യോഗിക ഉത്തരവുകളോ നിലവിലുണ്ടോയെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു. അത്തരം വ്യവസ്ഥകളില്ലെന്നാണ് വിദ്യാർത്ഥികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഒരേ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ നിലനിൽക്കുമോയെന്ന വാദവും കോടതിയിൽ ഉയർന്നു.

വൈസ് ചാൻസലറെ ആക്രമിച്ചുവെന്നാരോപിച്ചാണ് രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് വിദ്യാർത്ഥികളുടെ ഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ വൈസ് ചാൻസലർ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നോയെന്ന് കോടതി ചോദിച്ചു. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ അഭിഭാഷകന്റെ മറുപടി.



