വയനാട്ടിലെ സമഗ്ര പുനരധിവാസ പദ്ധതിക്ക് ദേശീയ അംഗീകാരം
.
വയനാട്ടിലെ സമഗ്ര പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകയാകുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ പുനർനിർമാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി ദേശീയതലത്തിൽ ഏകീകൃത മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി കേരളത്തിന്റെ മാതൃക പഠിക്കാനൊരുങ്ങുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കേരളം നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളാണ് ദേശീയതലത്തിൽ ശ്രദ്ധ നേടുന്നത്.

ദുരന്തബാധിത സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തി വീടുകളുടെ പുനർനിർമാണം, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പുനരധിവാസം, ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന ജനവാസകേന്ദ്രങ്ങളുടെ നിർമാണം എന്നിവയ്ക്കായി ഏകീകൃത ദേശീയ മാർഗനിർദേശങ്ങൾ രൂപീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട് ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്ന് ദിവസത്തെ ശിൽപശാല സംഘടിപ്പിച്ചു.

വയനാട്ടിൽ വിഭാവനം ചെയ്ത ഭവനനിർമാണ മാനദണ്ഡങ്ങളും ടൗൺഷിപ്പ് പദ്ധതിയും ദേശീയതലത്തിൽ സവിശേഷമായ മാതൃക സൃഷ്ടിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ദേശീയ പുനരധിവാസ, പുനർനിർമാണ സാങ്കേതിക ഉപദേശക സമിതി അംഗം കൂടിയാണ് അദ്ദേഹം.

വയനാടിന്റെ പുനർനിർമാണം എന്നത് കെട്ടിടങ്ങൾ നിർമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ പുനഃസ്ഥാപിക്കുകയും സമ്പൂർണമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതും അതിന്റെ ഭാഗമാണ്. ഭവന പുനരധിവാസത്തിൽ ഉപജീവനമാർഗങ്ങളുടെ പുനഃസ്ഥാപനത്തിന് നിർണായക സ്ഥാനമുണ്ട്. സാധാരണ പുനരധിവാസ പദ്ധതികളിൽ ഇത്രയും സമഗ്രമായ സമീപനം അപൂർവമാണെന്നും ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.



