ചെറുകിട ക്ഷീര കർഷകർക്ക് കാലിത്തീറ്റയും മരുന്നും സൗജന്യമായി നൽകണം: കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷൻ
.
കൊയിലാണ്ടി: വരുമാന മാർഗ്ഗം ലഭ്യമാകുന്നത് വരെ ചെറുകിട ക്ഷീര കർഷകർക്ക് കാലിത്തീറ്റയും മരുന്നും സൗജന്യമായി നൽകണമെന്ന് കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷൻ അകലാപ്പുഴയിൽ ചേർന്ന ജില്ലാ സമ്മേളനം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ചില കന്നുകാലി രോഗങ്ങൾ നമ്മുടെ സംസ്ഥാനത്തും കണ്ടുവരുന്നു.

ഇത്തരം രോഗങ്ങൾക്ക് മരുന്ന് വാങ്ങി ചികിത്സിക്കാനുള്ള സാമ്പത്തിക ചുറ്റുപാടിൽ അല്ല ചെറുകിട ക്ഷീരകർഷകർ. അവരെ സംരക്ഷിക്കുകയും, യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച നടപ്പാക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു. പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും പങ്കാളിത്ത പെൻഷൻ പുനസ്ഥാപിക്കണമെന്നും മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിച്ച് ഓൺലൈൻ വഴി ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. റോസ്മേരി ഡിക്കോത്ത അധ്യക്ഷയായി. കെ സി ഷാജീവൻ, മനോജ് കുമാർ പാറപ്പുറത്ത്, ഷീല മാട്ടി, ദീപ്തി കെ പി കെ, അമൃതരാജ്, ബാബു മഠത്തിൽ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിച്ച എം സച്ചിദാനന്ദൻ, എ എഫ് ഒ രഞ്ജിനി, കെ പി മോഹനൻ എന്നിവർക്കും സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എസ് ശ്രേയ ലക്ഷ്മിക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട് റോസ്മേരി ഡിക്കോത്ത, സെക്രട്ടറി ഷാജീവൻ കെ, ട്രഷറർ ലീന ടി പി എന്നിവരെയും വനിതാ കമ്മറ്റി പ്രസിഡണ്ടായി ഷീലാമ്മ ടി ഡി സെക്രട്ടറിയായി ബിന്ദു എൻ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.



