KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2026 നവംബർ 10 മുതൽ 13 വരെ

.
കൊയിലാണ്ടി: കലയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സംഗമവേദിയായ കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2026 നവംബർ 10 മുതൽ 13 വരെ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കുട്ടികളുടെ സർഗാത്മക പ്രതിഭകൾക്ക് വർണാഭമായ ആവിഷ്കാരവേദി ഒരുക്കുന്ന സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വലിയ അവസരമാണ് നൽകുന്നത്.
.
.
12 വേദികളിലായി LP, UP, HS, HSS വിഭാഗങ്ങളിൽ നിന്നായി ഏകദേശം 6000 ൽ അധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. വിദ്യാർത്ഥികളുടെ സർഗശേഷിക്ക് നിറപ്പകിട്ടേകുന്നതിനൊപ്പം കലാ-സാംസ്കാരിക രംഗത്തെ കൂട്ടായ്മയ്ക്കും ഈ മേള വേദിയാകും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘത്തിന്റെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
.
.
ഉദ്ഘാടന സമ്മേളനം
നവംബർ 11 ബുധനാഴ്ച രാവിലെ 9.30ന് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ മേള ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീ. ചിത്രേഷ് പി.ജി സ്വാഗതം പറയും. സ്വാഗതസംഘം ചെയർപേഴ്സൺ കെ.എൻ. ഭാസ്കരൻ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി AEO എം.കെ. മഞ്ജു മേളയുടെ വിശദീകരണം നടത്തും.  
.
.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ്, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ തുടങ്ങിയ ജനപ്രതിനിധികളും വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖരും ആശംസകൾ നേരും.
.
.
സമാപന സമ്മേളനം
നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്യും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന നാസർ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷോമ ഷീനാലയം സ്വാഗതം പറയും.
.
സമാപന സമ്മേളനത്തിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖർ, സ്വാഗതസംഘം ഭാരവാഹികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും. കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടക്കും. ട്രോഫി കമ്മിറ്റി കൺവീനർ ദീപേഷ് കെ. സി നന്ദി പറയും.
Share news