ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പ്: കേരളത്തിൽ ജനിച്ച നിത്യ രാമന് ചരിത്രവിജയം
.
ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജനിച്ച നിത്യ രാമന് ചരിത്രവിജയം. നിലവിലെ മേയറായ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ രാമന്റെ ഈ നേട്ടം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സേ് ഓഫ് അമേരിക്കയുടെ പിന്തുണയോടെയായിരുന്നു നിത്യ മത്സരിച്ചത്. ഈ വിജയത്തോടെ ലോസ് ആഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യൻ വംശജയായും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയായും നിത്യ രാമൻ മാറി.

കൂടാതെ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിലവിലിരിക്കുന്ന ഒരു മേയറെ പരാജയപ്പെടുത്തുന്ന ആദ്യ സ്ഥാനാർത്ഥി കൂടിയാണ് നിത്യ. ഡിസംബർ 14നാണ് പുതിയ മേയറായി നിത്യ രാമൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കേരളത്തിലെ തൃശൂരിലാണ് തമിഴ് ദമ്പതികളുടെ മകളായ നിത്യ രാമന്റെ ജനനം. ആറാം വയസിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അവർ 22-ാം വയസിൽ അമേരിക്കൻ പൗരത്വം നേടി. ഭവന രഹിതരുടെ പ്രശ്നങ്ങൾ, വർധിച്ചു വരുന്ന വീട്ടുവാടക, നഗര ഭരണത്തിലെ വീഴ്ചകൾ എന്നിവ ഉയർത്തിക്കാട്ടിയാണ് നിത്യ രാമൻ പ്രചാരണം നടത്തിയത്.

കുറഞ്ഞ ചെലവിലുള്ള ഭവനങ്ങൾ നിർമ്മിക്കുക, വാടകക്കാരുടെ സംരക്ഷണം ശക്തമാക്കുക, കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിലുള്ള പ്രതിസന്ധി പരിഹാര സംഘങ്ങൾ വിപുലീകരിക്കുക എന്നിവയായിരുന്നു അവരുടെ പ്രധാന വാഗ്ദാനങ്ങൾ. ഗ്രിഫിത്ത് പാർക്കിൽ നടത്തിയ വിജയപ്രസംഗത്തിൽ ചെറിയ മാറ്റങ്ങൾ ഇനി മതിയാവില്ലെന്നും ശാസ്ത്രീയമായ അർബൻ പ്ലാനിംഗിലൂടെ മാത്രമേ നഗരത്തിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും നിത്യ വ്യക്തമാക്കി. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും എംഐടിയിൽ നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും നിത്യ കരസ്ഥമാക്കിയിട്ടുണ്ട്.

മുൻപ് ഇന്ത്യയിൽ ട്രാൻസ്പാരന്റ് ചെന്നൈ എന്ന സംഘടനയിലൂടെ നഗര ശുചിത്വ മേഖലയിലും പിന്നീട് ലോസ് ആഞ്ചലസിൽ എത്തിയ ശേഷം ഭവനരഹിതരെ സഹായിക്കുന്ന സെലാ കൂട്ടായ്മയിലൂടെയും അവർ സജീവമായി പ്രവർത്തിച്ചു. 2020ൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ വാടകക്കാരുടെ അവകാശങ്ങൾക്കായി ശക്തമായി വാദിച്ച നേതാവാണ്.



