കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വൻ ഭക്തജന തിരക്ക്
.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ എട്ടാം നാളായ ഞായറാഴ്ച വൻ ഭക്തജന തിരക്ക്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കാലത്ത് നടന്ന കാഴ്ച ശീവേലിക്ക് ശേഷം പിഷാരികാവിലമ്മയുടെ തിടമ്പേറ്റുന്ന ചിറക്കൽ കാളിദാസനെ ദർശിക്കാനും വിവിധ കലാപരിപാടികൾ ആസ്വദിക്കാനും കുടുംബസമേതമാണ് ഭക്തജനങ്ങൾ എത്തിയത്.


രാവിലെ സരസ്വതി മണ്ഡപത്തിൽ പി.ടി ഖദീജ ടീച്ചറുടെ സംഗീതാർച്ചനയും സംഗീതാരാധനയും, നൃത്ത അരങ്ങേറ്റവും മായിരുന്നു. കൊരയങ്ങാട് കലാക്ഷേത്രത്തിലെ ദീപ ഓർക്കാട്ടേരിയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച വിദ്യാർത്ഥികളുടെ സംഗീതാർച്ചനയും ആര്യാ ദാസിന്റെ ശിക്ഷണത്തിലുള്ള വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റവും കലാസ്വാദകരുടെ മനം കവർന്നു.




