നവരാത്രി ആഘോഷം: പൊയിൽക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന സംഗീത സായന്തനം ശ്രദ്ധേയമായി
.
കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച പൊയിൽക്കാവ് ക്ഷേത്രാങ്കണത്തിൽ മുതിർന്ന പൗരന്മാരുടെ ഗാനാലാപനത്താൽ രാഗസുധയൊഴുകിപ്പരന്നത് സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. കർണാടക സംഗീതത്തിലെ വിവിധ രാഗങ്ങളായ ദർബാരി കാനഡയും, ഹംസനാദവും ബിലഹരിയും മറ്റനേകം രാഗങ്ങളും കുളിർമഴയായി പെയ്തിറങ്ങിയത് പൊയിൽക്കാവ് ദേവീക്ഷേത്ര നടയിൽ.

ക്ഷേത്രാങ്കണത്തിൽ സംഗീതത്തിന്റെ പൂക്കാലം തീർത്തത് നാല്പതോളം മുതിർന്ന വനിതകൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയായ ചെങ്ങോട്ടുകാവ് സംഗീത സായന്തനം. ഈ മുതിർന്ന പൗരന്മാർ ഇന്ന് നാടിന് തന്നെ മാതൃകയാണ്. നാല് വർഷത്തിലേറെയായി ഇവർക്ക് സംഗീതാഭ്യസനം നൽകുന്നത് പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജ് മാസ്റ്ററാണ്.

ക്ഷേത്രാങ്കണത്തിൽ പെയ്തിറങ്ങിയ സംഗീതത്തിന്റെ കുളിർമഴ അന്തരീക്ഷത്തെ ഭക്തിസാന്ദ്രവും ആത്മീയചാരുതയാർന്നതുമാക്കി മാറ്റി.
തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുതിർന്ന വനിതകൾ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച ഈ സംഗീതാർച്ചന പ്രദേശവാസികളുടെയും കലാസ്വാദകരുടെയും വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്. ഗാനാർച്ചനയ്ക്ക് ശേഷം ചെങ്ങോട്ടുകാവിലെ അഭിവന്ദ്യനായ മുതിർന്ന പൗരനും ശതാഭിഷിക്തനുമായ കന്മന ശ്രീധരൻ മാസ്റ്ററെ വേദിയിൽ ആദരിച്ചതും ചടങ്ങിന് ചാരുത പകർന്ന അനുഭവമായി.



