സൂപ്പർ ലീഗ് കേരള: ഷൂട്ടൗട്ടിൽ മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി തിരുവനന്തപുരം കൊമ്പൻസ്
.
സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിന് തുടർച്ചയായ രണ്ടാം വിജയം. ഷൂട്ടൗട്ടിലൂടെ മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തിയാണ് കൊമ്പൻസ് ഉജ്വലവിജയം സ്വന്തമാക്കിയത്. നിശ്ചിത 90 മിനിറ്റിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന മലപ്പുറം എഫ്സിയ്ക്കെതിരെ അധികസമയത്തിലെ 5 മിനിറ്റിനുള്ളിൽ രണ്ടുഗോൾ തിരിച്ചടിച്ചാണ് തിരുവനന്തപുരം കൊമ്പൻസ് സമനില പിടിച്ചത്.

പകരക്കാരനായി ഇറങ്ങിയ ഘാനാതാരം ജോസഫ് ഗോർഡോൻ 91-ാം മിനിറ്റിലും അംഗോളൻ താരം കിയാലു തദിയു 96-ാം മിനിറ്റിലുമാണ് കൊമ്പൻസിനായി സമനിലഗോളുകൾ നേടിയത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യനാലു കിക്കുകളും കൊമ്പൻസ് വലയിലെത്തിച്ചു. പിന്നീട് മലപ്പുറത്തിൻ്റെ രണ്ട് കിക്കുകൾ തടഞ്ഞിട്ട് കൊമ്പൻസ് ഗോളി സത്യജിത് ബർദോളി ടീമിന് വിജയത്തിലേക്ക് വഴിയൊരുക്കി. 14-ാം മിനിറ്റിൽ ക്യാപ്റ്റൻ അമാഡു സുക്കോനയും 64-ാം മിനിറ്റിൽ മുഹമ്മദ് റിസ്വാനുമാണ് മലപ്പുറത്തിനായി ഗോൾ നേടിയത്. 36-ാം മിനിറ്റിൽ അർജുന്റെ ഉഗ്രൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി.

49-ാം മിനിറ്റിൽ മലപ്പുറത്തിന്റെ ഡാ നിയേൽ ലാഹ്ലിംപ്യുയയുടെ ഷോട്ട് ഗോൾലൈനിൽ വെച്ച് പ്രതിരോധതാരം സ്റ്റീഫൻ അകഞ്ഞ തട്ടിയകറ്റി. തിരുവനന്തപുരം കൊമ്പൻസിൻ്റെ രണ്ടാമത്തെ ഹോം മാച്ചായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ എഫ് സിയെയും കൊമ്പൻസ് സ്വന്തം തട്ടകത്തിൽ വെച്ച് വീഴ്ത്തിയിരുന്നു. ഷൂട്ടൗട്ടിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു (3-0) തിരുവനന്തപുരത്തിന്റെ വിജയം.




