കൊയിലാണ്ടി സ്റ്റേഡിയത്തിൽ സൈക്കിൾ പോളോ വിദ്യാർത്ഥികളെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടു
.
കൊയിലാണ്ടി: ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്താനെത്തിയ വിദ്യാർത്ഥികളെ കൊയിലാണ്ടി സ്റ്റേഡിയത്തിനുള്ളിൽ സെക്യൂരിറ്റി ജീവനക്കാരൻ പൂട്ടിയിട്ടതായി പരാതി. ഉള്ളിൽ കയറിയ വിദ്യാർത്ഥികളെ ഗേറ്റ് അടച്ച് തടഞ്ഞുവെക്കുകയായിരുന്നു. ഇന്ന് രാവിലെ 6 മണിക്ക് ആരംഭിച്ച പരിശീലന ക്യാമ്പിനിടെയാണ് അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ജീവനക്കാരൻ സ്റ്റേഡിയം ഗേറ്റ് അടച്ച് പോയതെന്നാണ് ടീം മാനേജർ അറിയിച്ചത്.
.

പരിശീലനത്തിന് സ്പോർട്സ് കൗൺസിൽ സെക്രട്ടറിയോട് നേരിട്ട് വിളിച്ച് അനുമതി വാങ്ങിച്ചതാണെന്ന് ടീം മാനേജർ പറഞ്ഞു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കൊയിലാണ്ടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

.
സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണിക്ക് അടയ്ക്കുന്ന സ്റ്റേഡിയത്തിൽ കായിക പരിശീലനം നടക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് സ്പോർട്സ് കൗൺസിലിന്റെ ഉത്തരവാദിത്തമാണെന്ന് കായിക പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പകൽ സമയങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ അനുമതി ലഭിക്കാത്ത സാഹചര്യവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
.

.
സ്റ്റേഡിയം സ്കൂൾ വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കും പരിശീലനത്തിനും കളിക്കുമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് സംഭവം. കായികരംഗത്ത് വളർന്നുവരുന്ന വിദ്യാർത്ഥികൾക്ക് പരിശീലനസൗകര്യം നിഷേധിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും സ്റ്റേഡിയം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.



