തണൽ ചായ ഒക്ടോബർ 2 ന് കൊയിലാണ്ടിയിൽ
.
കൊയിലാണ്ടി: സാന്ത്വന പരിചരണ-ജീവകാരുണ്യ രംഗങ്ങളിൽ മാതൃകാപരമായ സേവനം നടത്തുന്ന ജനകീയ കൂട്ടായ്മയായ ‘തണൽ’ കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘തണൽ ചായ’ സ്നേഹക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കൊയിലാണ്ടി ബദരിയ്യ കോളേജിന് സമീപമുള്ള മൊയ്‌തീൻ പള്ളി ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. കൊയിലാണ്ടിയിലെ സംഗമത്തിന് പുറമെ, വരും ദിനങ്ങളിൽ കൊല്ലം, കുറുവങ്ങാട്, പെരുവട്ടൂർ, കാവുംവട്ടം എന്നീ മേഖലകളിലും ‘തണൽ ചായ’ സംഗമങ്ങൾ സംഘടിപ്പിക്കും.

നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ നിരക്കിലുള്ള ഡയാലിസിസ് സേവനം നൽകുന്ന തണൽ ഡയാലിസിസ് സെന്റർ, പക്ഷാഘാതവും അപകടങ്ങളും മൂലം തളർന്നുപോയവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഫിസിയോതെറാപ്പി സെന്റർ, വൃക്കരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള സൗജന്യ പരിശോധനകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന കിഡ്നി കെയർ ക്ലിനിക്ക്, കൂടാതെ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമായി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന തണൽ ഫാർമസി തുടങ്ങിയ നിരവധി ജീവകാരുണ്യ പദ്ധതികൾ തണലിന്റെ കീഴിൽ കൊയിലാണ്ടിയിൽ വിജയകരമായി നടന്നു വരുന്നുണ്ട്.

ഇവയ്ക്ക് പുറമെ, ‘തണൽ ലൈഫ് പ്രോജക്റ്റി’ന്റെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന സമ്പൂർണ്ണ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പൂർത്തീകരണത്തിനും തുടർ പ്രവർത്തനങ്ങൾക്കുമുള്ള വിഭവസമാഹരണാർത്ഥമാണ് ‘തണൽ ചായ’ സംഘടിപ്പിക്കുന്നത്. ഒരു ചായ കുടിച്ചുകൊണ്ട് വലിയൊരു ജീവകാരുണ്യ ദൗത്യത്തിൽ പങ്കാളിയാകാൻ ഏവർക്കും ഇതിലൂടെ അവസരമൊരുങ്ങുന്നു.

ഈ മഹത്തായ ഉദ്യമത്തിലേക്ക് മുഴുവൻ പൊതുജനങ്ങളും കുടുംബസമേതം പങ്കെടുത്തു പരിപാടികൾ വൻവിജയമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. വാർത്ത സമ്മേളനത്തിൽ സിദ്ദീക്ക് കൂട്ടുമ്മുഖം, അഹമ്മദ് ടോപ്ഫോം, എ.അസീസ്, ബി.വി അബ്ദു റഹ്മാൻ എന്നിവർ സംബന്ധിച്ചു.



