വീട്ടിൽ നിർത്തിയിട്ട കാറിന് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ നിന്ന് ടോൾ പിരിവ്
.
കൊയിലാണ്ടി: വീട്ടിൽ നിർത്തിയിട്ട കാറിന് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ നിന്ന് ടോൾ പിരിവ്. കൊയിലാണ്ടി അരങ്ങാടത്ത് ‘പ്രതീക്ഷയിൽ’ റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥനും പൊതു പ്രവർത്തകനുമായ സിഎം സുനിലേശൻ്റെ വീട്ടിൽ നിർത്തിയിട്ട കാറിനാണ് 135 രൂപ ഫാസ്ടാഗ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക പിടിച്ചെടുത്തത്. സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ നിയമ നടപടിക്ക് തയ്യാറായിരിക്കുകയാണ് സുനിലേശൻ.
.

.
സുനിലേശൻ്റെ മകൻ ജോലി സ്ഥലത്തു നിന്ന് നാട്ടിലെത്തുമ്പോൾ മാത്രമാണ് സാധാരണ കാർ ഓടിക്കാറ്. മകൻ്റെ ഫോണിൽ വന്ന സന്ദേശത്തിലൂടെയാണ് പണം ഈടാക്കിയത് അറിയുന്നത്. ഇത് സംബന്ധിച്ച് പോലീസിലും ആർടിഒ യിലും പരാതി കൊടുത്തെങ്കിലും നേരിട്ട് പന്നിയങ്കര ടോൾ പ്ലാസയിൽ പോയി പണം തിരികെ വാങ്ങണമെന്നാണ് അധികൃതർ പറയുന്നത്. സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഫോണിൽ വന്ന SMS ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ വലിയ ചതിക്കുഴിയിലേക്കായിരുന്നു പോകുക. ദേശീയപാത അതോറിറ്റിയുടെ നിരുത്തരവാദപരമായ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
.

.
പരാതിയുടെ അടിസ്ഥാനത്തിൽ പണം തിരികെ കിട്ടാൻ 135 രൂപക്കായി കൊയിലാണ്ടിയിൽ നിന്ന് പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ എത്തിച്ചേരാൻ അധികൃതർ നടത്തിയ ഉപദേശം കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തിയിട്ടുള്ളത്. അകൌണ്ടിലേക്ക് പണം തിരികെ തന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇപ്പോൾ സുനിലേശൻ്റെ തീരുമാനം. ഇത്തരത്തിൽ പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊതു വിലയിരുത്തൽ. അത് മാത്രമല്ല ഇതേ നമ്പറിൽ മറ്റു വാഹനം പുറത്തിറങ്ങിയെന്ന സംശയവും നിലനിൽക്കുയാണ്. അങ്ങിനെയെങ്കിൽ ഡ്യൂപ്ലിക്കറ്റ് വാഹനം അപകടത്തിൽപ്പെട്ടാൽ അത് തൻ്റെ പേരിൽ വരുമെന്ന ഭയവും ആർ.സി ഓണറെ സംബന്ധിച്ച് ഉയരുകയാണ്. അതിനാൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സുനിലേശൻ ആവശ്യപ്പെടുന്നു.




