വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ്: ജില്ലാതല മത്സരങ്ങൾ നടന്നു
.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച 19-ാമത് വിദ്യാർത്ഥി ജൈവ വൈവിധ്യ കോൺഗ്രസ് (SBC) കോഴിക്കോട് ജില്ലാതല മത്സരങ്ങൾ കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സോഷ്യൽ ഫോറസ്ട്രി – നോർത്തേൺ ഡിവിഷൻ വിഭാഗം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി എസ് അമൃത അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് (TSG) അംഗങ്ങൾ, ജില്ലാ കോഡിനേറ്റർ ഡോ. കെ.പി. മഞ്ജു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ, നൊച്ചാട് ഗ്രാമപഞ്ചായത്ത് ബി എം സി കൺവീനർ സുരേഷ് എന്നിവർ സംസാരിച്ചു. ചിത്രരചന, ജലച്ചായം, പ്രോജക്ട് അവതരണം, പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതി അവതരണം എന്നീ നാല് വിഭാഗങ്ങളിലായി ജൂനിയർ, സീനിയർ, കോളേജ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.

ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനം വാർഡ് കൗൺസിലർ ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ തലത്തിൽ വിജയികളായവർ സംസ്ഥാനതല വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസിലേക്ക് യോഗ്യത നേടി.



