സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് കെ ജയകുമാർ; അതിമനോഹരം ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു
.
തരുൺമൂർത്തി -മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ചിത്രീകരണം. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരത്തിന് അനുമതി നിഷേധിച്ചിരുന്നു. മോഹൻലാൽ പൊലീസ് വേഷത്തിലെത്തി അയപ്പഭക്തരെ കടത്തിവിടുന്ന സീനാണ് ഇന്ന് ചിത്രീകരിച്ചത്. ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് പ്രസിഡണ്ട് കെ. ജയകുമാർ പറഞ്ഞു.

ചിത്രീകരണത്തിന് പെരിയാർ ടൈഗർ റിസർവിന്റെ അനുമതി ആവശ്യമാണ്. അവർ അനുമതി നൽകിയിട്ടില്ല. എന്നാൽ റാന്നി ഫോറസ്റ്റ് ഡിവിഷൻ അനുമതി നൽകി. ഷൂട്ടിങ്ങിന് ബോർഡ് അനുമതി നൽകുമ്പോഴും വനംവകുപ്പിന്റെ അനുമതി വേണമെന്ന് നിഷ്കർഷിച്ചിരുന്നുവെന്നും കെ ജയകുമാർ പറഞ്ഞു. നിലക്കൽ ബസ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്താനാണ് റാന്നി ഡിഎഫ്ഒ അനുമതി നൽകിയത്. മോഹൻലാൽ നായകനായ ‘അതിമനോഹരം’ തരുൺ മൂർത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്.

മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്.




