ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യ സ്മാരക സ്തൂപം പുനർ നിർമ്മിക്കുന്നു
.
ചേമഞ്ചേരി: 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ചേമഞ്ചേരിയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ നിലനിർത്തുന്നതിനായി നിർമ്മിച്ചതാണ് ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്തൂപം. 1992 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സുവർണജൂബിലി ആഘോഷ കമ്മിറ്റിയാണ് സ്തൂപം നിർമ്മിച്ചത്. 2024 ഫെബ്രുവരിയിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കി.

പുതുക്കിപ്പണിത രജിസ്റ്റർ ഓഫീസ് പരിസരത്ത് സ്തൂപം പണിയുമെന്ന ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇത്രയും കാലമായിട്ടും അത് സാധ്യമായില്ല. ഇനിയും വൈകിക്കൂടെന്ന നിർബന്ധം നാട്ടുകാർക്കുണ്ട്. പുനർ നിർമ്മിക്കുന്ന
സ്തൂപത്തിന് ആഗസ്ത് 21-ന് രാവിലെ ഒൻപത് മണിക്ക് അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ തറക്കല്ലിടും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് അധ്യക്ഷനാവും. ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുക്കും.

2027- ജനുവരി 26ന് ഉദ്ഘാടനം ചെയ്യുന്ന രീതിയിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ (1942) കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും പരിസര പ്രദേശങ്ങളും സജീവമായ പങ്കാണ് വഹിച്ചത്. മലബാർ മേഖലയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നതിൽ പ്രദേശത്തെ സ്വാതന്ത്ര്യസമര സേനാനികൾ മുന്നിൽ നിന്നു.

സമരം അടിച്ചമർത്താൻ ബ്രിട്ടീഷ് പോലീസ് ശ്രമിച്ചപ്പോൾ, സമരസേനാനികൾ രഹസ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും സ്വാതന്ത്ര്യസമര സന്ദേശങ്ങൾ അടങ്ങിയ സ്വതന്ത്ര ഭാരതം പത്രവും ലഘുലേഖകളും അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട 1942 ഓഗസ്റ്റ് 19-ന് രാത്രിയിലാണ് ഈ ഐതിഹാസിക സംഭവം നടന്നത്. കുറത്തിശാല മാധവൻ നായർ, കെ.വി മാധവൻ കിടാവ്, കാരോളി അപ്പു നായർ, കാരോളി ഉണ്ണി നായർ, യു.കെ കൃഷ്ണൻ നായർ, തറയിൽ ഉണ്ണി നായർ എന്നിവരായിരുന്നു ഈ അതിസാഹസിക സമരത്തിൻ്റെ മുൻനിരയിൽ ഉണ്ടായിരുന്നത്.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകളും സ്ഥാപനങ്ങളും തകർക്കുക എന്ന സമര ആഹ്വാനത്തിന്റെ ഭാഗമായാണ് പ്രാദേശിക യുവ സ്വാതന്ത്ര്യസമര സേനാനികൾ ഒന്നിച്ചുചേർന്ന് ചേമഞ്ചേരിയിലെ ഗവൺമെന്റ് ഓഫീസുകൾ ആക്രമിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ സംഘം ചേമഞ്ചേരിയിലെ സബ് രജിസ്ട്രാർ ഓഫീസിന് തീവെക്കുകയും അവിടുത്തെ ഔദ്യോഗിക ഫയലുകളും ഭരണസംവിധാനങ്ങളും നശിപ്പിക്കുകയും ചെയ്തു.
ഇതിനുപുറമെ പ്രദേശത്തെ റെയിൽവേ സ്റ്റേഷനും, തിരുവങ്ങൂർ അംശകച്ചേരി, ട്രെയിൻ ഹാൾട്ട് എന്നിവക്കെതിരെയും വാർത്താവിനിമയ സംവിധാനങ്ങൾക്കും നേരെയും പ്രതിഷേധം നടന്നു. പത്രസമ്മേളനത്തിൽ സ്തൂപ പുനർ നിർമാണ കമ്മിറ്റിചെയർമാൻ സി.ടി അജയബോസ്, ജനറൽ കൺവീനർ വി.ടി വിനോദ്, യു.കെ രാഘവൻ എന്നിവർ പങ്കെടുത്തു.



