പ്രമേഹം നിയന്ത്രിക്കാൻ ലളിതമായ വഴി പങ്കുവെച്ച് ഡോക്ടർ; നടത്തം എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത്
നമ്മുടെ നാട്ടില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍തന്നെയാണ് ഇതിനുളള പ്രധാന കാരണം. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മരുന്ന് കഴിക്കുകയല്ലാതെ പ്രമേഹം നിയന്ത്രിക്കാന്‍ മറ്റൊരു കാര്യവും ചെയ്യാന്‍ പലര്‍ക്കും സാധിക്കാറില്ല. പക്ഷേ ജീവിതശൈലിയില്‍ ചില ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
മിക്ക ആളുകളും ഭക്ഷണം കഴിച്ച ഉടനെ സുഖമായി ഒരിടത്ത് ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നു. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ച് പങ്കുവെയ്ക്കുകയുണ്ടായി.

ഭക്ഷണം കഴിച്ചതിനുശേഷമുള്ള ഒരു ചെറിയ നടത്തം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുമെന്നാണ് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസായി വിഘടിക്കുകയും ഇവ രക്തപ്രവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഒരാള്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്താല്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയരും.

എന്നാല്‍ ഭക്ഷണം കഴിച്ചതിനുശേഷം കുറഞ്ഞത് 10 മുതല്‍ 15 മിനിറ്റ് വരെ നടക്കുന്നത് ശരീരത്തിലെ പേശികള്‍ രക്തത്തിലെ പഞ്ചസാരയെ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് കുറയ്ക്കുന്നു. അപ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനവും മെച്ചപ്പെടുന്നു. ഇത് പ്രമേഹരോഗത്തിന് മാത്രമല്ല ഗുണം ചെയ്യുന്നത്. നാഡികളുടെ ആരോഗ്യം, ഊര്‍ജ്ജ നില, ഉപാപചയം എന്നിവ മെച്ചപ്പെടുത്തുന്നതിനാല്‍ എല്ലാവരും നടത്തം ശീലമാക്കേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ മണിക്കൂറുകളോളം ജിമ്മില്‍ സമയം ചെലവഴിക്കണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അതിനായി മണിക്കൂറുകള്‍ നീക്കിവയ്‌ക്കേണ്ടതില്ല. പ്രഭാതഭക്ഷണത്തിന് ശേഷം 10 മിനിറ്റ് മാത്രമുള്ള നടത്തം മതിയെന്നാണ് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ശേഷം 10 മിനിറ്റ് നടന്നാലും, ഒരു ദിവസം 30 മിനിറ്റ് നടന്നാലും അത് ശരീരത്തിന് മതിയാകും. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനായി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വ്യായാമം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നു.
സാധ്യമെങ്കില്‍ ജോലിസ്ഥലത്ത് അല്‍പ്പനേരം നില്‍ക്കുകയോ നടക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറെ സമീപിക്കാതെ ഒരിക്കലും മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്. കാരണം നടത്തവും ഒപ്പം മരുന്നും കൂടി ചേരുമ്പോഴേ പ്രമേഹത്തെ കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ…



