KOYILANDY DIARY.COM

The Perfect News Portal

റാന്നിയിൽ മിന്നൽപ്രളയം: അഞ്ഞൂറിലേറെ കടകൾ വെള്ളത്തിനടിയിലായി

.

റാന്നി: കനത്തമഴയിൽ ഒറ്റപ്പെട്ട് പത്തനംതിട്ട റാന്നി ന​ഗരം. 2018ന് സമാനമായ പ്രളയ സാഹചര്യമാണ് ന​ഗരത്തിലുണ്ടായത്. മിന്നൽ പ്രളയത്തിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുകയാണ്. പമ്പയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളിൽ ടൗൺ ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായി. നഗരത്തിലെ അഞ്ഞൂറിലേറെ കടകൾ മുങ്ങി.

 

ഓണത്തിന്റെ സ്റ്റോക്കുകളൊക്കെയും നശിച്ചു. കടകളിലെയും വീടുകളിലെയും റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള വസ്തുക്കൾ വെള്ളത്തിലൂടെ ഒഴുകി നടക്കുകയാണ്. മണിയാർ, പെരുനാട് ഭാ​ഗങ്ങളിലുള്ള നൂറുകണക്കിന് വീടുകൾ ഭീഷണിയിലാണ്. തോട്ടമൺ ഭാ​ഗത്തെ അറുപതിലധികം വീടുകളിലെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പുനലൂർ- മൂവാറ്റുപുഴ റോഡിൽ ​ഗതാ​ഗതം നിലച്ചു. വെള്ളിയാഴ്ച വരെയും മഴ മുന്നറിയിപ്പുണ്ടായിരുന്നില്ല.

 

ശനിയാഴ്ച രാവിലെ വെള്ളം ഉയർന്നതിന് ശേഷമാണ് റെഡ‍് അലർട്ട് പുറപ്പെടുവിച്ചത്. എൻഡിആർഎഫിന്റെ ഒരു യൂണിറ്റ് മാത്രമേ എത്തിയിട്ടുള്ളൂ. ബോട്ടുകളുടെ സൗകര്യം ആവശ്യപ്പെട്ട് കലക്ടർമാരുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് റാന്നി എംഎൽഎ പഴകുളം മധു പറഞ്ഞു. ബോട്ടുകൾ വന്നാൽ മാത്രമേ വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനാകൂ. കിഴക്കൻ മലയോര മേഖലയിൽ മഴ തുടരുന്നതിനാൽ ഇനിയും വെള്ളം ഉയരാൻ സാധ്യതയുണ്ട്. പുനരധിവാസ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

 

Share news
error: Content is protected !!