KOYILANDY DIARY.COM

The Perfect News Portal

സമര പോരാളി വി എസ്സ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

സമരം ജീവിതമാക്കിയ കമ്യൂണിസ്റ്റ്, ജനഹൃദയങ്ങളിൽ ഇന്നും ജ്വലിച്ചുകത്തുന്ന വിപ്ലവ നക്ഷത്രം, തലകുനിക്കാത്ത പോരാട്ടവീര്യം, അടിമുടി പോരാളിയായ ഒരു മനുഷ്യൻ… വിഎസ് അച്യുതാനന്ദൻ, വിഎസ് ഇല്ലാത്ത ഒരാണ്ടും. ഐതിഹാസികമായ ഒരു കാലം, ചരിത്രം ഇവിടെ ബാക്കിയാണ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന സമാരാ​ഗ്നിയെ വി.എസ്. എന്ന രണ്ടക്ഷരത്തിലേക്ക് ചുരുക്കി കേരളം ഇടനെഞ്ചിൽ കുടിയിരുത്തി. ഇന്നും അതിനൊരിളക്കവും സംഭവിച്ചിട്ടില്ല. നിലയ്ക്കാത്ത രാഷ്ട്രീയ പോരാട്ടം എന്നുകൂടി വിഎസ് എന്ന പേരിനർഥമുണ്ട്.

സമരമായിരുന്നു ആ ജീവിതം, പോരാട്ടമായിരുന്നു ജീവിതയാത്രകളും. തോൽവികൾ വിഎസിനെ തളർത്തിയതേയില്ല. ജനം പ്രതിപക്ഷത്ത് നിന്നപ്പോഴെല്ലാം വിഎസ് അവരുടെ ശബ്ദമായി. ജനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു നീട്ടിയും കുറുക്കിയുമുള്ള ആ സംസാരം. പി കൃഷ്‌ണപിള്ളയാണ്‌ കയർ ഫാക്ടറി തൊഴിലാളിയായ വിഎസിലെ നേതാവിനെ കണ്ടെത്തുന്നത്‌. 1940‌ൽ പാർട്ടി അംഗമായി. അന്ന് പ്രായം വെറും 17. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വിഎസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുന്നിൽനിന്നു നയിച്ചു. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായിരുന്നു വിഎസ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലെല്ലാം വിഎസ് മുന്നിലുണ്ടായിരുന്നു.

സ്‌ത്രീ സമത്വത്തിനായി എന്നും ശബ്ദമുയർത്തി. ഭരണകൂടത്തിന്റെ മർദ്ദന സംവിധാനങ്ങൾക്കെതിരെയെല്ലാം സന്ധിയില്ലാപോരാട്ടം കാഴ്ചവെച്ചു. ജനകീയ പോരാട്ടങ്ങളിൽ പോർമുഖം തുറന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നാവായി. സാമ്പത്തിക സമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നിരന്തരം കലഹിച്ചു. ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി. പാരിസ്ഥിതിക പ്രശ്‌നങ്ങളും വർ​ഗ സമരത്തിന്റെ ഭാഗമാണെന്ന്‌ അടിവരയിട്ടു. മണ്ണിനും കാടിനും ജലയുറവിടങ്ങൾക്കും കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കുംവേണ്ടിയും പോരാടി. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജണ്ടകളെ കീറിയെറിഞ്ഞു.

മനുഷ്യാവകാശങ്ങളുടെ പക്ഷത്തായിരുന്നു വിഎസ് എന്നും. വിഎസിന്റെ വിയോ​ഗവും കേരള രാഷ്ട്രീയത്തിലെ ഒരേടു തന്നെയാണ്. നിലയ്ക്കാത്ത ജനപ്രവാഹത്തിന് അന്ന് കേരളം സാക്ഷിയായി. സമരസൂര്യനെ അവസാനമായി കാണാൻ, മുഷ്ടിചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിക്കാൻ, സഖാവെന്ന് നെഞ്ചുപൊട്ടുമാറുച്ചത്തിൽ വിളിക്കാൻ ഒഴുകിയെത്തിയ മനുഷ്യക്കടൽ. പ്രിയ സഖാവിനെ കാണാൻ സമയം നോക്കാതെ ‍വ‍ഴിയിലുടനീളം കാത്തിരുന്നവരുടെ കണ്ണീരിലുണ്ടായിരുന്നു, വിഎസ് എന്ന മനുഷ്യൻ ആരായിരുന്നു എന്നതിന്റെ ഉത്തരം. അവരുടെ വാക്കുകളിലുണ്ടായിരുന്നു ആ ജീവിതത്തിന്റെ പൊരുൾ.

കേരളം മറക്കില്ല, വിഎസ് എന്ന പേര്, ആ മനുഷ്യന്റെ ജീവിതവും രാഷ്ട്രീയവും. ജനലക്ഷങ്ങളുടെ കണ്ണും കരളുമായി ആ വിപ്ലവസൂര്യൻ ഇവിടെ തുടരും. കണ്ണേ കരളേ വിഎസേ….ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ…. ഹൃദയാഭിവാദ്യങ്ങൾ.

Share news
error: Content is protected !!