KOYILANDY DIARY.COM

The Perfect News Portal

വാറ്റ് ചാരായം; ഇന്റർവെൽ സമയത്ത് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി പിടിഎ പ്രസിഡണ്ട്

.

കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂളില്‍ വാറ്റ് ചാരായവുമായെത്തിയെ കുട്ടിയെ രണ്ടാനച്ഛന്‍ കാരിയറായി ഉപയോഗിച്ചെന്ന് പൊലീസ്. രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് മദ്യം കടത്താന്‍ ഉപയോഗിച്ചുവെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നതാണ്. എന്ത് പ്രശ്‌നമുണ്ടായാലും പൊലീസിനെ അറിയിക്കണമെന്ന് പറഞ്ഞ് പൊലീസ് കുട്ടിക്ക് നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

 

അതേസമയം, സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിടിഎ പ്രസിഡണ്ട് രംഗത്തെത്തി. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി മദ്യവുമായെത്തുന്നത് മൂന്നാം തവണയാണെന്നും സഹപാഠികള്‍ക്ക് നല്‍കാനാണെന്നുമാണ് പിടിഎ പ്രസിഡണ്ട് പറഞ്ഞത്. ഇന്റര്‍വെല്‍ സമയങ്ങളിലാണ് കുട്ടികള്‍ മദ്യം കഴിച്ചിരുന്നത്. ചിലര്‍ നിരാകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ചുപേരോളം മദ്യം കഴിച്ചിരുന്നെന്നും പിടിഎ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ ദിവസം അധ്യാപകരുടെ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വാറ്റ് ചാരായം കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് വാറ്റുചാരായം എത്തിച്ച് നല്‍കിയത്. രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം പിടികൂടുകയും ചെയ്തു. വിദ്യാർത്ഥി 500 എംഎൽ ബോട്ടുകളിലാണ് മദ്യം എത്തിക്കുന്നത്. ഇതിൽ നിന്ന് വാട്ടർ ബോട്ടിലുകളിലാണ് മറ്റ് വിദ്യാർത്ഥികൾക്ക് നൽകിയിരുന്നത്.

 

Share news