വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പുരോഗതി നാടിന്റെ അനിവാര്യത: ഷാഫി പറമ്പിൽ
.
കൊയിലാണ്ടി: കൊയിലാണ്ടി എംഎൽഎ അഡ്വ. കെ പ്രവീൺ കുമാറിന്റെ വിദ്യാഭ്യാസ പദ്ധതി “PRAISE ” ന്റെ ഉദ്‌ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ കൊയിലാണ്ടിയിൽ സമഗ്ര പുരോഗതി അനിവാര്യമാണെന്നും അതിനുള്ള അഡ്വ. കെ പ്രവീൺ കുമാർ എംഎൽഎയുടെ സമഗ്ര പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വിജയം മാത്രം നേടുകയും പരാജയം വരുമ്പോൾ പതറുകയും ചെയ്യാതെ വീഴ്ചകളിൽ നിന്നും തോൽവികളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോവാനുള്ള കഴിവ് വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ ആർജിക്കണമെന്നു അദ്ദേഹം കൂട്ടി ചേർത്തു.

സർക്കാർ നടപ്പിലാക്കുന്ന ലഹരിക്കെതിരെ ഉള്ള ജാഗ്രത പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വടകര റൂറൽ എസ് പി മെറിൻ ജോസഫ് ഐപിഎസ് ഉദ്‌ഘാടനം ചെയ്തു. കുട്ടികൾ സമൂഹത്തിനുതകുന്നവരായി വളരാൻ മാതാപിതാക്കൾ കുട്ടികൾക്ക് സംതൃപ്തമായ ഗൃഹാന്തരീക്ഷം ഒരുക്കണമെന്ന് മെറിൻ ജോസഫ് ഐപിഎസ് പറഞ്ഞു. വിദ്യാഭ്യാസ കാര്യങ്ങൾക്കു പുറത്തേക്കു പോകേണ്ടി വരുന്ന കൊയിലാണ്ടിക്കാർക്ക് കൊയിലാണ്ടിയിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനും സാധ്യതയുള്ള ഹൈ ടെക് നഗര സൃഷ്ടി വിദ്യാഭ്യാസ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി എംഎൽഎ പറഞ്ഞു. ഐഎഎസ്, ഐപിഎസ്, ഐആർഎസ് സെലക്ഷൻ രംഗത്തും കൊയിലാണ്ടിക്ക് മേൽവിലാസം ഉണ്ടാക്കുവാൻ കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ ഫൈസൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ഭാസ്കരൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് എന്നിവർ സംസാരിച്ചു. PRAISE ചെയർമാൻ പി കെ അരവിന്ദൻ മാസ്റ്റർ സ്വാഗതവും കൺവീനർ ഇയ്യഞ്ചേരി അൻവർ മാസ്റ്റർ നന്ദിയും പറഞ്ഞു.



