KOYILANDY DIARY.COM

The Perfect News Portal

വേൾഡ് സൈക്കിൾ ഡേ റാലി നടത്തി

.
മേപ്പയ്യൂർ: ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സൈക്കിൾ ചവിട്ടാം എന്ന സന്ദേശവുമായി ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂരിൽ
സൈക്കിൾ റാലി നടത്തി. സ്പോർട്സ് അഥോറിറ്റി ഓഫ്  ഇന്ത്യയുടെ സഹകരണത്തോടെ പയ്യോളി സൈക്കിൾ ക്ലബ്ബ് മേപ്പയ്യൂരും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച വേൾഡ് സൈക്കിൾ ഡെ റാലി പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹ് ലിയ മേപ്പയ്യൂർ ഹൈസ്കൂൾ മൈതാനത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

ശാരീരിക മാനസിക ആരോഗ്യത്തിനും, കാർബൺ മലിനീകരണം കുറക്കാനും, ഇന്ധനച്ചെലവില്ലാത്ത യാത്രയിലൂടെ സാമ്പത്തിക ലാഭത്തിനും സമൂഹത്തിന്റെ സുസ്ഥിരമായ ഭാവിക്കും സൈക്കിൾ യാത്രയുടെ പ്രാധാന്യം വിളിച്ചോതിയാണ് റാലി നടത്തിയത്. ഹരിതാഭമായ ഭാവിക്കായി സൈക്ലിംഗ് എന്നതാണ് ഈ വർഷത്തെ ലോക സൈക്കിൾ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മേപ്പയ്യൂർ ടൗൺ, കുയിമ്പുലുന്ത്, മഞ്ഞക്കുളം, കല്ലുമ്പുറം ജംങ്ഷൻ, ഇരിങ്ങത്ത് ടൗൺ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച റാലി ഇരിങ്ങത്ത് പാക്കനാർ പുരം ഗാന്ധി സദനത്തിൽ സമാപിച്ചു. മേപ്പയ്യൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കായികാധ്യാപകൻ സമീർ പരപ്പിൽ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത മേലടി ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി, ഗ്രാമപഞ്ചായത്തംഗം കെ. കുഞ്ഞിക്കണ്ണൻ, ഗവ. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ പ്രിൻസിപ്പൽ എം. സക്കീർ, പയ്യോളി സൈക്കിൾസ് എം.ഡി. എം. സജിത്ത്, ഡയറക്ടർ കെ.എസ്. സനൽ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ പങ്കെടുത്തു. അനിൽ പള്ളിക്കരെ, കെ.എം. ശ്രീകുമാർ, കെ.കെ. അശോകൻ, അനീഷ് കടവൻസ് തുടങ്ങിയവർ നേതൃത്വം നൽകി.
Share news
error: Content is protected !!