‘കോക്രോച്ച് ജനതാ പാർടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ക്രാക്ക്ഡൗൺ, തനിക്ക് വധ ഭീഷണി’: അഭിജീത് ദിപ്കെ
.
ന്യൂഡൽഹി: ‘കോക്രോച്ച് ജനതാ പാർടി (സിജെപി) യുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുമുള്ള ആക്‌സസ് നഷ്ടപ്പെട്ടതായി സ്ഥാപകൻ അഭിജീത് ദിപ്കെ. സിജെപിയുടെ എക്സ് (X) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതിന് അടുത്ത ദിവസമാണ് ഇത്തരത്തിൽ നീക്കം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സിജെപിയുടെ ബാക്കപ്പ് അക്കൗണ്ടും റദ്ദാക്കപ്പെട്ടു. കൂടാതെ സിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജും വ്യക്തിഗത ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായാണ് അഭിജീത് ദിപ്കെയുടെ വെളിപ്പെടുത്തൽ. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cockroachjantaparty.org നീക്കം ചെയ്തിരിക്കുകയാണ്. നിലവിൽ ഇത് ലഭ്യമല്ല. ഒരു പ്ലാറ്റ്‌ഫോമിലും നിലവിൽ തങ്ങൾക്ക് ആക്‌സസ് ഇല്ലെന്നും, അതിനാൽ ഇനി വരുന്ന പോസ്റ്റുകൾ സംഘടനയുടെ ഔദ്യോഗിക പ്രസ്താവനയായി കണക്കാക്കരുതെന്നും അഭിജീത് അറിയിച്ചു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ പരാജയങ്ങൾ എന്നിവ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പട്ട് വെള്ളിയാഴ്ച സിജെപി ഒരു ഓൺലൈൻ കാമ്പെയ്ൻ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകൾക്കെതിരെ ഏകോപിത നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വധഭീഷണി ലഭിക്കുന്നുണ്ടെന്ന് കാണിച്ച് അഭിജീത് സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് 21.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന ബാക്കപ്പ് എക്സ് അക്കൗണ്ടിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. കൂടാതെ വെബ്‌സൈറ്റിൽ ചുരുങ്ങിയ കാലം കൊണ്ട് 10 ലക്ഷം പേർ രജിസ്റ്റർ ചെയ്തിരുന്നു.



