100 കോടിയിലധികം രൂപ വെളിപ്പെടുത്തിയിട്ടില്ല; നടൻ വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്
.
തമിഴ്‌നാട് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. മത്സരരംഗത്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് കൂടിയുണ്ട്. അദ്ദേഹത്തിന്റെ സ്വത്തു വെളിപ്പെടുത്തലുകളിൽ ആദായനികുതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ഫയലിൽ സ്വീകരിച്ചു. തെരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ലൈവ് ലോ പ്രകാരം കോടതി വാമൊഴിയായി അഭിപ്രായപ്പെട്ടു. ചെന്നൈ സ്വദേശിയായ വി. വിഘ്‌നേഷ് ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ വിജയ് 115,13,63,000 രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തിരുച്ചി ഈസ്റ്റിലെ പത്രികയിൽ 220,15,62,010 രൂപയുടെ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വലിയവ്യത്യാസം വന്നതിന് വിശദീകരണമൊന്നും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.




