ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു
.
തൃശ്ശൂര്‍: ദേശീയ ഫുട്‌ബോള്‍ താരം സിനാന്‍ ജലീൽ (18) ബൈക്ക് അപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് മരണം സംഭവിച്ചത്. ചാവക്കാട് ചേറ്റുവ സ്വദേശിയാണ് സിനാന്‍. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍.

നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിയാണ്. മുത്തൂറ്റ് എഫ്സിയുടെ താരമായ സിനാൻ സബ് ജൂനിയർ, ജൂനിയർ, അണ്ടർ-19, അണ്ടർ-20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഒഡീഷയിൽ വെച്ച് നടന്ന ജൂനിയർ ബിസി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ഈ വർഷം ദേശീയ സ്കൂൾ അണ്ടർ-19 ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സിനാൻ.




