നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നിന്ന് പുറത്താക്കി
.
കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് കനത്ത പ്രതിഷേധം നേരിടുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ് ഒടുവിൽ വഴങ്ങി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ഡോ. കെ റാമിനെ സ്ഥാപനത്തിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ തീരുമാനിച്ചു. മാനേജ്‌മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികൾക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നൽകി. മറ്റ് ആവശ്യങ്ങളിൽ ചർച്ച തുടരുകയാണ്.

നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് ഈ നടപടി. നേരത്തെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയായിരുന്നു. ഡോ. റാമിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് വിദ്യാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. അധ്യാപകൻ എന്ന പേരിന് പോലും അർഹതയില്ലാത്ത വിധം വർണ്ണ-ജാതി അധിക്ഷേപങ്ങളാണ് ഇയാൾ നടത്തിയിരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ചെരുപ്പിട്ട് ക്ലാസിൽ വന്ന വിദ്യാർത്ഥിയെ ‘കോളനി’ എന്ന് വിളിച്ചും ഗോത്രവർഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിച്ചും റാം ആനന്ദം കണ്ടെത്തിയിരുന്നു. രക്ഷിതാക്കളുടെ സാമ്പത്തിക-സാമൂഹിക പദവി നോക്കിയാണ് റാം അവരോട് സംസാരിച്ചിരുന്നത്. ദരിദ്രരായ രക്ഷിതാക്കളോട് മോശമായാണ് പെരുമാറിയത്.




