KOYILANDY DIARY.COM

The Perfect News Portal

വോട്ടിന് 900 രൂപയുടെ കിറ്റ്; തൃശൂരിൽ ബിജെപി നേതാവിനെതിരെ കേസ്

.

തൃശ്ശൂർ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂർ ഒളരിയിലെ ‘കാർത്തിക’ സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്.

 

ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിവരാമപുരം നഗറിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് 900 രൂപയോളം വിലവരുന്ന കിറ്റുകൾ വിതരണം ചെയ്തത്. 150 കിറ്റുകൾക്കാണ് രാധാകൃഷ്ണൻ ഓർഡർ നൽകിയിരുന്നതെന്ന് കടയുടമ സമ്മതിച്ചു. ഇതിനകം 48 കിറ്റുകൾ വിതരണം ചെയ്തതായും പരിശോധനയിൽ കണ്ടെത്തി. ബിജെപി പ്രവർത്തകർ പറഞ്ഞതനുസരിച്ച് കിറ്റ് വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തങ്ങൾ കിറ്റ് വാങ്ങാൻ വന്നതാണെന്ന് സൂപ്പർമാർക്കറ്റിലെത്തിയ വോട്ടർമാരും മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

 

എൽഡിഎഫിന്റെ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ഫ്ലയിങ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിതരണത്തിനായി സൂക്ഷിച്ചിരുന്ന 26 കിറ്റുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിഷു ആഘോഷത്തിന്റെ മറവിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.

 

സംഭവത്തെത്തുടർന്ന് സൂപ്പർമാർക്കറ്റ് പൊലീസ് താൽക്കാലികമായി അടപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിന്റ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തുണികളും ഭക്ഷ്യവസ്തുക്കളും ബിജെപി വിതരണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അഴിമതി നടക്കുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും എൽഡിഎഫ് നേതാവ് വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

 

Share news