ആൻഡമാനിലെ കൊടുംകാട്ടിൽ കേരള പൊലീസിൻ്റെ സിനിമാറ്റിക് വേട്ട; കേരളത്തിൽ നിന്ന് സ്വർണവുമായി മുങ്ങിയ പ്രതികൾ പിടിയിൽ
.
കൊച്ചി: കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവുമായി മുങ്ങിയ പ്രതികളെ ആൻഡമാനിലെ കൊടുംകാട്ടിൽ നിന്ന് പിടികൂടി തൃക്കാക്കര പൊലീസ്. കാക്കനാട് സെസ്സിലെ (CSEZ) ‘ആമി എക്സ്പോർട്ട്സ്’ എന്ന സ്ഥാപനത്തിൽനിന്നും 20 ലക്ഷം രൂപയുടെ സ്വർണവുമായി കടന്നുകളഞ്ഞ പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് പേരാണ് വലയിലായത്.

പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്നംഗ സംഘമാണ് സംഭവത്തിലെ പ്രതികൾ. കാക്കനാട് സെസ്സിലെ സ്ഥാപനത്തിൽ നിന്ന് 20 ലക്ഷത്തിന്റെ സ്വർണമാണ് പ്രതികൾ കവർന്നത്. സ്ഥാപനത്തിൽ നിന്ന് സ്വർണം മോഷണം പോയതോടെ തൃക്കാക്കര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

പ്രതികൾ സംസ്ഥാനം വിട്ടെന്ന് മനസ്സിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് ഒടുവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനമേഖലയിൽ എത്തിനിൽക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ നിർണായക നീക്കം. മൊബൈൽ സിഗ്നലുകളും മറ്റു സൂചനകളും പിന്തുടർന്ന് ആൻഡമാനിലെത്തിയ അന്വേഷണ സംഘം, പ്രതികൾ വനാന്തരത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്ന് കണ്ടെത്തി.

പ്രാദേശിക പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിലാണ് ഒളിത്താവളം വളഞ്ഞ് പ്രതികളെ കീഴ്പ്പെടുത്തിയത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഭാഗവും സ്വർണം വിറ്റു കിട്ടിയ പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ വരും ദിവസങ്ങളിൽ കൊച്ചിയിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും.



