KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടച്ചു, ഇവിടെ സ്ത്രീ സുരക്ഷയില്ല; വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ

.

തിരുവനന്തപുരം: വിവാദ പ്രസംഗവുമായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തുന്നതിൽ അതിൽ കുഴപ്പമില്ല എന്ന മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് താന്‍ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു.

 

ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്ക് പോലും ദുരനുഭവമുണ്ടായി. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു പ്രസംഗം.

Advertisements

 

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അടച്ചിട്ടപ്പോള്‍ അവര്‍ 112ല്‍ വിളിച്ചു. എന്നിട്ടും സഹായം ലഭിച്ചില്ല. കാരണം എതിര്‍ഭാഗത്ത് നില്‍ക്കുന്നത് മന്ത്രിയായതുകൊണ്ടാണെന്നും അവർ ആരോപിച്ചു. ‘ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങൾ വരെ നടക്കുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാർ. ദൈവവിശ്വാസമില്ലാത്ത ഒരു സർക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സർക്കാർ ആകുമ്പോൾ അവർ 100 ശതമാനവും സ്ത്രീകൾക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ല.

 

2021ൽനിന്ന് 2026ൽ എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടി വർധിച്ചുവെന്നാണ് കണക്ക്. കേരളത്തിൽ അതിനു പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ല എന്നുള്ള സ്ഥിതി വന്നിരിക്കുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്. വട്ടിയൂര്‍ക്കാവിൽ എംഎല്‍എ ആയാല്‍ തന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

 

Share news