ഉത്തരേന്ത്യയിലെ വർഗീയ രാഷ്ട്രീയം കേരളത്തിലേക്കും പടർത്താൻ ശ്രമം; ജോൺ ബ്രിട്ടാസ് എംപി
.
കോഴിക്കോട്: ഉത്തരേന്ത്യയിലെ വർഗീയ രാഷ്ട്രീയം കേരളത്തിലേക്കും പടർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിൽ ബുൾഡോസർ കയറിയിറങ്ങുമ്പോൾ കമാന്നൊരക്ഷരം പറയാത്തവരാണ് കോൺഗ്രസുകാര്‍. കർണാടകത്തിൽ ഇപ്പോൾ അവരത് നടപ്പാക്കുന്നു.

മതേതരത്വത്തിനും സാഹോദര്യത്തിനും പേരുകേട്ടവരാണ് കേരളീയർ. ഇത് നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തണം. മന്ത്രിസ്ഥാനമുൾപ്പെടെ ലഭിച്ചപ്പോഴും ഈ മണ്ണിൽ ചവിട്ടിനിന്ന മനുഷ്യനാണ് എൽഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവർ കോവിലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സൗത്ത് മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ സി മോയിൻകുട്ടി അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം മുഖ്യപ്രഭാഷണം നടത്തി. സൗത്ത് മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി പി മുസാഫിർ അഹമ്മദ് സ്വാഗതം പറഞ്ഞു.




