പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
.
പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ആയുധവേട്ട. ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച നാടൻ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയിൽ. കൊട്ടോപ്പാടം അരിയൂർ സ്വദേശി പ്രവീണിനെയാണ് (21) ആർപിഎഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് നാലിന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിൽ എത്തിയ യുവാവ് സംശയാസ്പദമായ രീതിയിൽ ബാഗുമായി പുറത്തേക്കുപോകാൻ ശ്രമിക്കുകയും ഇതുകണ്ട ആർപിഎഫ് എഎസ്ഐ സജി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

ഇയാളുടെ ബാഗിൽ നിന്നും ഒരു നാടൻ പിസ്റ്റൾ (7.65 എംഎം), ഒരു സിംഗിൾ ബാരൽ തോക്ക് (12 എംഎം), 40 റൗണ്ട് പിസ്റ്റൾ വെടിയുണ്ടകൾ, പത്ത് ബോക്സുകളിലായി സൂക്ഷിച്ച 100 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. പാലക്കാട് ആർപിഎഫ് ഓഫീസിലെത്തിച്ച യുവാവിനെ ഡിഎസ്സി പാലക്കാട്, ഷൊർണൂർ ഐആർപി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രെയിൻ മാർഗം സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കളും കള്ളക്കടത്തും തടയുന്നതിന് ആർപിഎഫും റെയിൽവേ സുരക്ഷാസേനയും ഊർജിതമായ പരിശോധനകൾ തുടരുന്നതിനിടെയാണ് ആയുധങ്ങൾ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.



