പട്ടയ വിതരണത്തിൽ പുതുചരിത്രം സൃഷ്ടിച്ച് LDF സർക്കാർ; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
.
പട്ടയ വിതരണത്തിൽ പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ 10 വർഷം കൊണ്ട് നാലര ലക്ഷം കുടുംബങ്ങളെയാണ് സർക്കാർ ഭൂമിയുടെ അവകാശികളാക്കി മാറ്റിയത്. സംസ്ഥാന തല പട്ടയ വിതരണ മേള ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള ഒരു വീടും ഓരോ മനുഷ്യൻ്റേയും അടിസ്ഥാന അവകാശമാണ് എന്ന മുദ്രാവാക്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ അവകാശം യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് കേരളം ചരിത്രപരമായ മറ്റൊരു നേട്ടത്തിലേക്ക് കൂടി കടന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ലൈഫ് മിഷൻ വഴി 5 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കുന്നതിന്റെ പ്രഖ്യാപനവും നടന്നിട്ടുണ്ട്. ഈ രണ്ട് പദ്ധതികളിലൂടെ മാത്രം ഏതാണ്ട് 40 ലക്ഷത്തോളം ജനങ്ങൾക്കാണ് സുരക്ഷിതമായ ഭാവിയൊരുങ്ങുന്നത്. ഭൂമിക്കുവേണ്ടി സമരം ചെയ്ത മുത്തങ്ങയിലെ ആദിവാസി സഹോദരങ്ങളെ വെടിവെച്ചു കൊന്ന യുഡിഎഫ് ഭരണകാലത്തെ ഇരുണ്ട ചരിത്രത്തിൽ നിന്നും കേരളം എത്രയോ മുന്നോട്ട് പോയെന്ന് കുറിച്ച അദ്ദേഹം അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്തുപിടിച്ച് വികസനവും ക്ഷേമവും ഒത്തുചേരുന്ന കേരളത്തിൻ്റെ തുടർച്ചയ്ക്കായി നമുക്ക് കൈകോർക്കാമെന്നും പറഞ്ഞു.




