മാമലനാട് സെൽഫ് ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് റമസാൻ കിറ്റ് വിതരണവും ആദരവും നടത്തി
.
കോഴിക്കോട്: മാമലനാട് സെൽഫ് ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് റമസാൻ കിറ്റ് വിതരണം ജീവകാരുണ്യ പ്രവർത്തകൻ മനാഫ് സാഗർ ഉദ്ഘാടനം ചെയ്തു. മാമലനാട് ചെയ്യുന്ന ഇത്തരം സൽകർമങ്ങളും നന്മകളും നമ്മളിൽ മാത്രം ഒതുക്കാതെ കേരളത്തിലെ മലയാളികളായ ജനങ്ങൾ അറിയണമെന്നും വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന് പറയാറുണ്ടെങ്കിലും വലതു കൈ കൊടുക്കുന്നത് ഇടതു കൈ മാത്രമല്ല തൊട്ടപ്പുറത്തെ കൈ കൂടി അറിയണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഇപ്പോഴത്തെ കാലഘട്ടം.

ഈ കാലത്ത് ജനങ്ങങ്ങൾ ഇടുങ്ങിയ ചിന്താഗതിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. മനുഷ്യർക്കിതിനൊന്നും സമയമില്ലാത്ത ഈ കാലത്ത് സ്വന്തം കാര്യം മാത്രം നോക്കാതെ നിങ്ങളെ പോലുള്ളവർ ഇത്തരം സേവന പ്രവർത്തനങ്ങൾ ചെയ്യുന്നത് അത്ഭുതകരവും അഭിനന്ദാർഹവുമാണ്. ഇന്ത്യക്കകത്തും പുറത്തുമായാലും കേരളത്തെ പോലുള്ള സ്റ്റേറ്റ് ലോകത്ത് കാണാൻ തനിക്ക് സാധിച്ചിട്ടില്ല. മറ്റു ആളുകളെ പറ്റിയുള്ള ആവലാതിയും ചിന്തകളുമുള്ള മനുഷ്യരാണ് നാം. നമ്മളെ മാതൃകയാക്കാൻ പലരും മുന്നോട്ടു വരുന്ന ഒരു കാല ഘട്ടം കൂടിയാണിത്. മലയാളികളെന്നു പറഞ്ഞാൽ ലോകത്ത് എല്ലാ സ്ഥലത്തുമുള്ളവർക്കറിയാം.

പ്രത്യേകിച്ച് ഇന്ത്യയിലുള്ള മറ്റു സംസ്ഥാനത്തുള്ള ആളുകൾക്കൊക്കെ മലയാളികളെ പറ്റി നല്ല അഭിപ്രായമാണുള്ളത്. നമ്മൾ അതു പലവട്ടം തെളിയിച്ചതാണ്. ഷിരൂർ വിഷയവുമായി ബന്ധപ്പെട്ട്, സാധാരണ ഒരാൾ ചെറിയ അപകടത്തിൽ പെട്ടാൽ അവനോടു കൂടി കഴിഞ്ഞു. കിട്ടിയാൽ കിട്ടി കിട്ടിയില്ലെങ്കിൽ കിട്ടിയില്ല ഇതാണ് യഥാർത്ഥത്തിൽ അവസ്ഥ. പക്ഷെ നമ്മൾ ഒറ്റക്കെട്ടായി മലയാളികൾ പൊരുതി അവനെ വീട്ടിലെത്തിക്കാൻ സാധിച്ചു. അത് മലയാളികളുടെ ഒത്തൊരുമയാണ് കാണിക്കുന്നത്. ഇവിടെ വർഗീയ കലാപമില്ല. സൗഹാർദ്ദം മാത്രമെ ഉള്ളൂ.

വിശന്നുവലഞ്ഞു വരുന്നവനോട് അവന്റെ മതം നോക്കാതെ ഊട്ടിയിട്ടേ നമുക്ക് പരിചയമുള്ളൂ. അത് എല്ലാ സ്ഥലത്തുമില്ലെന്നും നമ്മുടെ വില നമ്മൾ തന്നെ അറിഞ്ഞ് ലോകത്ത് മാതൃകയാകാൻ പറ്റിയ ആളുകളാണ് നമ്മളെന്ന് നാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടപറമ്പ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡണ്ട് പി.വി ബഷീർ ഫറോക്ക് അധ്യക്ഷനായി. മനാഫിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി റിയാസ് വേങ്ങേരി, ട്രഷറർ ബാബു എരഞ്ഞിപ്പാലം, എൻ.പി ഷാഹിദ, കെ. ഉമ്മർ തിരൂർ, വി. ആയിശ, പി. പ്രജിത കുമാരി, എ.പി ബുഷ്റ, വി. ബബിത എന്നിവർ സംസാരിച്ചു.



