KOYILANDY DIARY.COM

The Perfect News Portal

‘അഭിലാഷം’ സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു; സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ

.

സിനിമയുടെ നിർമ്മാതാവിനെ വഞ്ചിച്ച് ഹാർഡ് ഡിസ്കുകൾ കടത്തിയെന്ന പരാതിയിൽ സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ നിർമ്മാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസാണ് നടപടിയെടുത്തത്.

 

സംവിധായകന് പുറമെ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ, എഡിറ്റർ, ക്യാമറമാൻ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ഇത്തരമൊരു വഞ്ചനയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാമെന്നായിരുന്നു സംവിധായകൻ ഷംസുദ്ദീൻ നിർമ്മാതാവിനെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രീകരണം അവസാനിച്ചപ്പോൾ ചിലവ് മൂന്ന് കോടി 25 ലക്ഷം രൂപയോളമായെന്നും, പണത്തിന്റെ കാര്യത്തിൽ തന്നെ കബളിപ്പിക്കുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്തുവെന്നുമാണ് ആൻ സരിഗ പരാതിയിൽ ആരോപിക്കുന്നത്.

 

സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ തന്റെ അനുവാദമില്ലാതെ കൈക്കലാക്കിയെന്നും, സിനിമയുടെ മാസ്റ്റർ ഔട്ട് മറ്റൊരു പാർട്ടിക്ക് മറിച്ചു നൽകിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി രണ്ടാം തീയതിയാണ് നിർമ്മാതാവ് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതിയിന്മേൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മാർച്ചിൽ റിലീസ് ചെയ്ത ചിത്രമാണ് ‘അഭിലാഷം’. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!