KOYILANDY DIARY.COM

The Perfect News Portal

പശ്ചിമഘട്ടത്തിലെ പുൽമേടുകളിൽ പുതിയൊരു സസ്യ വർഗത്തെ കണ്ടെത്തി ഗവേഷകർ

.

കോഴിക്കോട്: പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽ നിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരു സസ്യ വർഗത്തെ ഗവേഷകർ കണ്ടെത്തി. ടെട്രാറ്റേനിയം പൈകടെ എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യം ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽനിന്നാണ് കണ്ടെത്തിയത്. കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി കുടുംബത്തിലെ പുതിയൊരു അംഗമാണിത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) മുൻ പ്രിൻസിപ്പലും മാനേജരുമായിരുന്ന പരേതനായ റവ. ഫാദർ ജോസഫ് പൈകടയോടുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് ‘ടെട്രാറ്റേനിയം പൈകടെ എന്ന് പേര് നൽകിയിരിക്കുന്നത്. 

 

ദേവഗിരി കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി രേഖ, എം കെ പ്രശാന്ത്, ടി പി അശ്വിൻദാസ്, റിസർച്ച് ഗൈഡ് ഡോ. കെ എം മനുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഗവേഷകർ ഈ പേര് തെരഞ്ഞെടുത്തത്. സമുദ്രനിരപ്പിൽനിന്ന് 1000 മുതൽ 2500 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലെ നനവാർന്ന ചതുപ്പ് പ്രദേശങ്ങളിലാണ് ഈ പുതിയ സ്പീഷീസ് വളരുന്നത്. ഏകദേശം 30 മുതൽ 80 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ കട്ടിയുള്ള രോമങ്ങളാൽ നിറഞ്ഞതാണ്.

Advertisements

 

വെളുത്ത നിറത്തിലുള്ള പൂക്കളും അണ്ഡാകൃതിയിലുള്ള ഇലകളുമാണ് ഇതിന്റെ സവിശേഷത. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ പൂവിടുന്ന ഈ ചെടിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കായ്കൾ കാണപ്പെടുന്നത്. കായ്കളിലെ എണ്ണക്കുഴലുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസമാണ് സമാനമായ മറ്റ് സസ്യങ്ങളിൽ നിന്നും ഇതിനെ വേർതിരിക്കുന്നത്.

 

സ്വീഡനിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേർണലായ നോർഡിക് ജേർണൽ ഓഫ് ബോട്ടണിയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പുതിയ കണ്ടെത്തൽ. നിലവിൽ ലോകത്താകെ ടെട്രാറ്റേനിയം ജനുസ്സിൽ 25 വർഗങ്ങളുണ്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം പൂർത്തിയാക്കിയത്.

 

Share news