കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ചു
.
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച്. എസ്എഫ്ഐ സംസ്ഥാന നേതാക്കളുൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നു. സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് കവാടത്തിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർത്ഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. രാവിലെ ബാരിക്കേഡുകൾ വെച്ച് സർവകലാശാല ആസ്ഥാനത്തിൻ്റെ കവാടത്തിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി.

വിസിയുടെ ചേംബറിന് മുന്നിൽ പ്രതിഷേധം കടുപ്പിക്കുകയാണ് എസ്എഫ്ഐ. കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വിസി മോഹനൻ കുന്നുമ്മേൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്. ബുധനാഴ്ച മുതൽ സർവകലാശാല ആസ്ഥാനത്ത് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ് സഞ്ജീവും സമരമുഖത്തുണ്ട്.




