ശബരിമല സ്വർണ മോഷണക്കേസ്: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
.
ന്യൂഡൽഹി: ശബരിമല ശിൽപ്പപാളി, കട്ടിളപ്പടി സ്വർണ മോഷണക്കേസിൽ അറസ്റ്റിലായ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താൻ അയ്യപ്പ ഭക്തനാണെന്നും, സ്വർണക്കൊള്ളയിൽ പങ്കില്ല എന്നുമായിരുന്നു ഗോവർദൻ്റെ വാദം. എന്നാൽ കേസിൽ അന്വേഷണം നടക്കുകയാണെന്നും ആ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഉണ്ണിക്കൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർധനുമാണ് കേസിലെ മുഖ്യ ആസൂത്രകർ. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയാണെന്നും അയാളിൽനിന്ന് അത് വാങ്ങിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണെന്നും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ശബരിമല തന്ത്രിയുടെ മൊഴിയിൽനിന്നാണ് ഗോവർധനുമായുള്ള ബന്ധത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഗോവർധനെ പരിചയപ്പെടുത്തിയതെന്നും അയാളുടെ ജ്വല്ലറിയിൽ പോയിട്ടുണ്ടെന്നും തന്ത്രി വെളിപ്പെടുത്തിയിരുന്നു.

ഉണ്ണിക്കൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർധനുമൊക്കെ കോൺഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഗോവർധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പലതവണ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.




