ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ; ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
.
ട്വന്റി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഞായറാഴ്ച നടക്കേണ്ട മത്സരം ബഹിഷ്‌കരിക്കുമെന്ന മുൻനിലപാടിൽ നിന്ന് പാകിസ്താൻ പിന്മാറിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ സൽമാൻ ആഗയും സംഘവും ഇന്ത്യക്കെതിരെ കളത്തിലിറങ്ങുമെന്ന് ഐസിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പാകിസ്താൻ നേരത്തെ ബഹിഷ്‌കരണ ഭീഷണി ഉയർത്തിയത്.

ലാഹോറിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവർ നടത്തിയ നിർണ്ണായകമായ ത്രികക്ഷി ചർച്ചയാണ് മഞ്ഞുരുക്കത്തിന് വഴിതെളിച്ചത്. ഐസിസി മുന്നോട്ടുവെച്ച കർശന നിർദ്ദേശങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും മാനിച്ചാണ് പാക് സർക്കാർ പുതിയ തീരുമാനമെടുത്തത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൾ ഇസ്ലാം തന്നെ പാകിസ്താൻ മത്സരത്തിൽ പങ്കെടുക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടതും നിർണ്ണായകമായി. ഇതിനു പിന്നാലെയാണ് സൽമാൻ ആഗയുടെ നേതൃത്വത്തിലുള്ള പാക് പടയ്ക്ക് ഇന്ത്യക്കെതിരെ ഇറങ്ങാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പച്ചക്കൊടി വീശിയത്.

ബംഗ്ലാദേശിന്റെ അഭ്യർത്ഥനകൾ ഐസിസി തള്ളിയതിനെതിരെയുള്ള പ്രതിഷേധമായാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത്തരമൊരു നീക്കം ടൂർണമെന്റിന്റെ ഭാവിയെ ബാധിക്കുമെന്നും പാകിസ്താനെതിരെ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് തങ്ങളുടെ കടുംപിടുത്തം ഉപേക്ഷിക്കാൻ പിസിബി തയ്യാറായത്. അതേസമയം, ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കണമെന്ന പാകിസ്താന്റെ വിട്ടുവീഴ്ചാ നിർദ്ദേശങ്ങൾ ഐസിസി നിരാകരിച്ചു. ഇത്തരം തീരുമാനങ്ങൾ ക്രിക്കറ്റ് ബോർഡുകൾക്കും സർക്കാരുകൾക്കും വിട്ടുകൊടുത്ത ഐസിസി, ഇന്ത്യ-പാകിസ്താൻ-ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര എന്ന ആശയവും ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് തള്ളിക്കളഞ്ഞു.




