KOYILANDY DIARY.COM

The Perfect News Portal

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും

.

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

 

2017-ൽ കൊടിമര പുനർനിർമാണത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ വിനിയോഗത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന രീതിയിലുള്ള സാമ്പത്തിക അച്ചടക്കമില്ലായ്മ നടന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, തുടർ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

 

അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ അന്വേഷണം കൊടിമര പുനർനിർമാണത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. 2017-ൽ കൊടിമരം പുനഃസ്ഥാപിച്ച സമയത്ത് ക്രമക്കേടുകൾ നടന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അക്കാലത്തെ ദേവസ്വം ബോർഡിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഇതിന്റെ ഭാഗമായി പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡണ്ടായിരുന്ന അന്നത്തെ ബോർഡ് അംഗം അജയ് തറയിൽ ഉൾപ്പെടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യാനാണ് പ്രത്യേക സംഘത്തിന്റെ നീക്കം. സ്വർണ്ണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും കൈവശമാണുള്ളത്. ഈ രേഖകൾ സംസ്ഥാന വിജിലൻസ് ഉടൻ ആവശ്യപ്പെട്ട് വാങ്ങി വിശദമായ അന്വേഷണം ആരംഭിക്കും.

Share news