KOYILANDY DIARY.COM

The Perfect News Portal

‘രാജ്യത്തിന് കേരളത്തിന്‍റെ സംഭാവന’; രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

.

കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍. കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി ആശുപത്രിക്ക് തറക്കല്ലിട്ടു. അവയവമാറ്റത്തിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുമ്പോള്‍ കേരളം നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പഠന, ഗവേഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി കെട്ടിടത്തിന്റെ പണികള്‍ 30 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

 

ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന ആശുപത്രി 617 കോടി രൂപ ചെലവില്‍ കോഴിക്കോടാണ് നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ആശുപത്രിയുടെ നിര്‍മാണം നടക്കുക. എ പ്രദീപ്കുമാര്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് അവയവമാറ്റത്തിനായി പ്രത്യേകം ആശുപത്രി എന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. നിലവില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതുപോലെ അവയവമാറ്റം നടത്തിയവര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Advertisements

500ലധികം കിടക്കകളുള്ള ആശുപത്രിയില്‍ 99 കോടി രൂപയുടെ ഉപകരണങ്ങളും വാങ്ങാനാണ് തീരുമാനം. 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റുകളും ഡിവിഷനുകളുമായിരിക്കും ആശുപത്രിയിലുണ്ടാകുക. എട്ട് നില കെട്ടിടത്തിലായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. ആശുപത്രിയില്‍ 31 അക്കാദമിക് കോഴ്‌സുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം നടത്തുക.

 

കേരളത്തില്‍ ഒരേ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് തന്നെ ആശുപത്രികള്‍ മാറിയാല്‍ ഈടാക്കുന്ന തുകയിലും വ്യത്യാസം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കോഴിക്കോടും എറണാകുളത്തുമുള്ള രണ്ട് സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് താരതമ്യേന കുറഞ്ഞ നിരക്ക് ഇടാക്കുന്നത്. എ പ്രദീപ് കുമാറാണ് അവയവമാറ്റ ആശുപത്രിയെന്ന ആശയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

രാജ്യത്തിന് കേരളത്തിന്റെ സംഭാവനയാണ് അവയവമാറ്റ ആശുപത്രിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഇല്ലാത്ത ആശുപത്രി കേരളത്തില്‍ നിര്‍മിക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയാണ് ആശുപത്രി സ്ഥാപിക്കാന്‍ കാരണമായതെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

Share news