ശസ്ത്രക്രിയയ്ക്ക് കയറ്റിയ 67കാരിയെ മടക്കി അയച്ചു: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി
.
കോഴിക്കോട്: ഡോക്ടർമാരില്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയയ്ക്ക് കയറ്റിയ തുടയെല്ല് പൊട്ടിയ 67കാരിയെ മടക്കി അയച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് ഗുരുതര പരാതി ഉയരുന്നത്. ഉള്ളിയേരി സ്വദേശിനി ദേവിക്കാണ് ദുരവസ്ഥയുണ്ടായത്. ഇവർ പത്ത് ദിവസമാണ് ആശുപത്രിയിൽ തുടർന്നത്. മതിയായ ഡോക്ടർമാരില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായാണ് പരാതി.

ഒടുവിൽ തുടയെല്ല് പൊട്ടിയ രോഗിയുമായി ബന്ധുക്കൾ മെഡിക്കൽ കോളജിൽ നിന്ന് മടങ്ങുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുകയാണ്. എന്നിട്ടും ആരോഗ്യവകുപ്പിന് കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. ആശുപത്രികളിൽ എത്തുന്ന രോഗികളിൽ പലരും മരുന്നുകൾ ലഭിക്കാതെ മടങ്ങുന്ന സാഹചര്യം തുടരുകയാണ്. കെ എം എസ് സി എല്ലിന്റെ ഇടപെടൻ ഫലപ്രദമല്ലാത്തതാണ് ഇതിന് കാരണം.

കുട്ടികളുടെ വൈറ്റമിൻ എ വാക്സിൻ, ഗർഭിണികളുടെ കാത്സ്യം ഗുളികകൾ, ഹൃദ്രോഗത്തിനുള്ള മരുന്നുകൾ, കൊളസ്ട്രോൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭിക്കാതെയുള്ളത്. മരുന്നു ലഭിക്കാതെ രോഗികൾ നട്ടം തിരിയുന്ന അവസ്ഥയാണ്. എന്നാൽ ആരോഗ്യ മന്ത്രിയും വകുപ്പും വിശദീകരിക്കുന്നത് ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമാണ് എന്നാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഔട്ട്ലെറ്റുകളിൽ ആണ് മരുന്നുകൾക്ക് കുറവുള്ളത് എന്നാണ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിലയിരുത്തൽ പോലും.




