KOYILANDY DIARY

The Perfect News Portal

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എ യുമായിരുന്ന കെ മുഹമ്മദാലി (76) അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എംഎല്‍എ യുമായിരുന്ന കെ മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു.

ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ ഞര്‍ളക്കാടന്‍ എ. കൊച്ചുണ്ണി- നബീസ ദമ്പതികളുടെ മകനായിരുന്നു. ആലുവയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ (6, 7, 8, 9, 10, 11 നിയമസഭകളില്‍) നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെ.എസ്.യു (1966-68), യൂത്ത് കോണ്‍ഗ്രസ് (1968-72) എറണാകുളം ജില്ലാ പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി (1972-75), ഡി.സി.സി വൈസ് പ്രസിഡന്റ് (1976), കെ.പി.സി.സി നിര്‍വാഹക സമിതിയംഗം, എ.ഐ.സി.സി അംഗം (1973), എം.ജി യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, കുസാറ്റ് സെനറ്റംഗം, കെ.ടി.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്നീ പദവികളില്‍ വഹിച്ചിട്ടുണ്ട്.

Advertisements

ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സ് (മോസ്‌കോ-1973), ഹജ്ജ് പ്രതിനിധി (1999), സ്റ്റേറ്റ് കോര്‍പറേറ്റീവ് യൂണിയന്‍ മാനേജിങ് കമ്മിറ്റിയംഗം, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സൊസൈറ്റി ലിമിറ്റഡ് ബോര്‍ഡ് അംഗം, രാജ്യ സൈനിക ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി വിപ്പ്, പ്രസിഡന്റ്, എറണാകുളം ജില്ല സഹകരണ ബാങ്ക് ഡയറക്ടര്‍, 1970ല്‍ ഇന്ദിര ഗാന്ധി പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന റാലി സംഘാടക സമിതി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.