KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) മാർച്ച്

കൊയിലാണ്ടി: ദിവസവും നാലായിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി സ്‌റ്റേഷനോട് റെയിൽവേ അധികാരികൾ കാട്ടുന്ന അവഗണനക്കെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്‌. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വ പകൽ മൂന്നിന്‌ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. 

കോവിഡിനുമുമ്പ് കൊയിലാണ്ടിയില്‍ നിര്‍ത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്, വെസ്റ്റ്‌കോസ്റ്റ്, നേത്രാവതി എക്‌സ്‌പ്രസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, മുഴുവന്‍ സമയ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുക, സ്റ്റേഷന്‍ വികസന കാര്യത്തില്‍ വടകര എംപിയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം.

കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദ്‌ സമരം ഉദ്ഘാടനംചെയ്യുമെന്ന്‌ ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ പറഞ്ഞു. ബി ക്ലാസിൽപ്പെട്ട സ്‌റ്റേഷനിൽ ഇന്റര്‍സിറ്റി എക്‌സ്‌പ്രസുകള്‍ നിര്‍ത്താത്തത് യാത്രക്കാരോടുള്ള അനീതിയാണ്. 

Advertisements

നേത്രാവതി അടക്കം പത്തോളം തീവണ്ടികൾക്ക് കൊയിലാണ്ടിയിൽ സ്‌റ്റോപ്പില്ല. ഗുജറാത്ത് മലയാളികളുടെ പ്രധാന കേന്ദ്രമാണ് കൊയിലാണ്ടി. എന്നാൽ മുഴുവൻ ഗുജറാത്ത് വണ്ടികൾക്കും ഇവിടെ സ്‌റ്റോപ്പനുവദിക്കാൻ തയ്യാറായിട്ടില്ല. 

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് കൊയിലാണ്ടിയിൽ പുതിയ കെട്ടിടം നിലവിൽ വന്നത്. എന്നാൽ, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. പ്ലാറ്റ്ഫോം നീട്ടിയെങ്കിലും കൂടുതൽ ഭാഗത്തും മേൽക്കൂരയില്ല. മലബാറിൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ള സ്റ്റേഷനാണ് ഇത്.     വികസനങ്ങൾക്കെല്ലാം നേതൃത്വംകൊടുക്കേണ്ട വടകര എംപി കൊയിലാണ്ടിയെ  അവഗണിക്കുകയാണ്. പന്തലായനിക്കാർക്കായി മേൽപ്പാലം നിർമിക്കാൻ ഇടപെടണമെന്ന് പ്രദേശം മുഴുവൻ ആവശ്യപ്പെട്ടിരുന്നു. അതിനായി ജനങ്ങളോടൊപ്പം നിൽക്കാൻ എംപിക്ക് കഴിഞ്ഞിട്ടില്ലെന്ന പരാതിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *