ചികിത്സാ പിഴവ്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
.
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 9 വയസുകാരൻ്റെ കൈവിരലിൻ്റെ ചലനശേഷി നഷ്ടപ്പെടാനിടയായ ഗുരുതരമായ ചികിത്സാ പിഴവിനെതിരെ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആശുപത്രി കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും താലൂക്ക് ആശുപത്രിയിലെ ഇത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പ്രദീപ് ടി.കെ. അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബി.പി. ബബീഷ്, എൻ. ബിജീഷ്, ബ്ലോക്ക് ട്രഷറർ ആർ.ബി. റിബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി ഫർഹാൻ ഫൈസൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് നിതിൻലാൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി ബിജോയ് സി. സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കീർത്തന നന്ദിയും പറഞ്ഞു.



