KOYILANDY DIARY.COM

The Perfect News Portal

കലിയാ കലിയാ കൂയ്..; കൊളക്കാട് കുനിക്കണ്ടി മുക്കിൽ ആചാരാനുഷ്ഠാനങ്ങളോടെ കലിയനെ വരവേറ്റു

.
മലബാറുകാരുടെ പഴയ ആചാരങ്ങളിൽ ഒന്നാണ് കർക്കിടക തലേന്നുള്ള കലിയന് കൊടുക്കൽ. പഞ്ഞമാസമായ കർക്കിടകത്തിലെ ജേഷ്ഠകളെ നീക്കി കാർഷിക അഭിവൃദ്ധിയും ദുരിത ശാന്തിയും ഉണ്ടാവാൻ വേണ്ടിയുള്ള ഒരു ആചാരമാണിത്. ഒരുകാലത്ത് എല്ലാ വീടുകളിലും കണ്ടുവന്നിരുന്ന ഈ ചടങ്ങ് ഇന്നാകട്ടെ ചിലയിടങ്ങളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. വാഴത്തട കൊണ്ട് തൊഴുത്ത് പ്ലാവില കൊണ്ട് പശുക്കൾ കൂവക്കിഴങ്ങ് കൊണ്ട് തൂമ്പയും കൈക്കോട്ടും കലപ്പയും വാഴ തട്ടകൊണ്ട് കോണി. നാക്കിലയിൽ ചോറും കറികളും ഈന്തു കൊണ്ടുള്ള മധുരക്കറിയും അവസാനത്തെ മാങ്ങയും ചക്കയും ഇങ്ങനെ പോകുന്നു ഒരുക്കങ്ങൾ. എല്ലാം കലിയന് സമർപ്പിക്കുന്നു.
സന്ധ്യാ സമയത്ത് ഇതെല്ലാം നാക്കിലയിൽ എടുത്തുവെച്ച് ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ വീട്ടുകാരുടെ കലിയാ കലിയാ കൂയ് എന്നുള്ള വിളിയോട് കൂടി വീടിന് പ്രദക്ഷിണം വെച്ച് തെക്കുഭാഗത്തുള്ള ഒരു പ്ലാവിൻ ചുവട്ടിൽ സമർപ്പിക്കുന്നു. ഈ ആചാരം പക്ഷേ ഇന്ന് നാമ മാത്രമായി മാറിയിരിക്കുന്നു. എന്നാൽ ചേമഞ്ചേരി കൊളക്കാടുള്ള നാട്ടു കൂട്ടായ്മ വർഷങ്ങളായി കലിയന് കൊടുക്കൽ ജനകീയമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.
ദേശക്കാരുടെ അകമ്പടിയോടെ മേൽ സൂചിപ്പിച്ച ഒരുക്കങ്ങൾ എല്ലാം തലയിലേറ്റി ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ തെയ്യത്തിന്റെയും അകമ്പടിയോടെ എല്ലാ സമൃദ്ധിയും ഈ നാടിന് തന്നേച്ചു പോകണമേ എന്നുള്ള പ്രാർത്ഥനയോടെ വരുംകാലങ്ങളിൽ സമൃദ്ധിയും കാർഷിക വിഭവങ്ങളുടെ പൊലിമയും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാടിനെ പ്രദക്ഷിണം വെച്ച് കുനിക്കണ്ടി മുക്കിൽ ഒരുക്കിയ മണ്ഡപത്തിൽ സമർപ്പിക്കുന്ന ഈ കലിയന് കൊടുക്കൽ ഒരു ജനകീയ ഉത്സവമായി മാറി കഴിഞ്ഞിരിക്കുന്നു.
ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂളിൽ നിന്നാരംഭിച്ച കലിയൻ സംഘത്തിന്റെ ഗ്രാമയാത്രയിൽ വിവിധ പ്രായക്കാരും വ്യത്യസ്തജാതി മതക്കാരും ഒത്തുചേർന്ന് ജനകീയ ഉത്സവമായി മാറുന്നു. ചൂട്ടുകറ്റകളും ആർപ്പുവിളികളും ചെണ്ടമേളവും കാർഷിക വിഭവങ്ങളുമായി കലിയൻ കോലത്തോടെ കുനിക്കണ്ടിമുക്കിൽ സമാപിച്ചു. കമ്മന ക്കണ്ടി ഗോവിന്ദൻ നായർ, റിട്ട. മേജർ പൊന്മന വാസുദേവൻ, മനോജ് തിരൂളി, മണികണ്ഠൻ മേലേടുത്ത്, രാധ ഉപാസന, ഭാസ്കരൻ കമ്മന, ഷിജു, ജിത്തു, ദിനേശൻ, പ്രകാശൻ, സഞ്ജീവൻ കളത്തിൽ, ഷെബീർ, ബാലകൃഷ്ണൻ, രമേശൻ, കളത്തിൽ രാജൻ, ശിവദാസൻ സായ തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ ഇരുപത് വർഷമായി കൊളക്കാട് പ്രദേശത്ത് കലിയൻ ആഘോഷം നടക്കുന്നു.
Share news
error: Content is protected !!