KOYILANDY DIARY

The Perfect News Portal

അണേല – കുറുവങ്ങാട് റോഡിൽ യാത്രാ ക്ലേശം രൂക്ഷം

കൊയിലാണ്ടി: നഗരസഭയിലെ അണേല-കുറുവങ്ങാട് റോഡിൽ യാത്രാ ക്ലേശം രൂക്ഷം. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് യാത്ര ദുരിതത്തിലാക്കുന്നു. അണേല, കണ്ടൽ പാർക്ക്, തീപ്പെട്ടി കമ്പനി കയറ്റം എന്നിവിടങ്ങളിൽ റോഡിലുടനീളം കുഴികളാണ്. ഇരുചക്ര വാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. അരിക്കുളം ഭാഗത്തു നിന്ന് താമരശ്ശേരി, ബാലുശ്ശേരി സംസ്ഥാന പാതയിലേക്ക് എത്താനുള്ള എളുപ്പ മാർഗമാണിത്. കൊയിലാണ്ടി അരിക്കുളം റോഡിൽനിന്ന് മുത്താമ്പി വഴിയും വൈദ്യരങ്ങാടി വഴിയും അണേല പാലം കടന്ന് തീപ്പെട്ടി കമ്പനി റോഡിലൂടെ ബാലുശ്ശേരി സംസ്ഥാന പാതയിലെത്താം.

താമരശ്ശേരി, ബാലുശ്ശേരി ഭാഗത്തുനിന്നു വരുന്ന പോലീസുകാർ ഉൾപ്പടെയുള്ളവർക്ക് കോഴിക്കോട് റൂറൽ എ.ആർ. ക്യാമ്പ് പ്രവർത്തിക്കുന്ന നമ്പ്രത്തുകര കുന്നോത്ത് മുക്കിലെ ഒറോക്കുന്നിലേക്ക് എത്താനും എളുപ്പമാർഗമാണിത്. കൂടാതെ ബാലുശ്ശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കുറുവങ്ങാട് ഐ.ടി.ഐയിലേക്കും ഇതുവഴിയാണ് വിദ്യാർഥികൾ ഏറെയും യാത്രചെയ്യുക. റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ എടുത്തുവരികയാണെന്ന് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും വാർഡ് കൗൺസിലറുമായ കെ. ഷിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *