KOYILANDY DIARY

The Perfect News Portal

വിവാഹത്തിന് വിവിധ മതസ്ഥരായ നാലു പേർക്ക് നാലരസെൻ്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും

മേപ്പയ്യൂർ: വിവാഹത്തിന് വിവിധ മതസ്ഥരായ നാലു പേർക്ക് നാലരസെൻ്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും. കൊഴുക്കല്ലൂരിലെ കോരമ്മൻകണ്ടി അന്ത്രു, റംല ദമ്പതിമാരുടെ മകൾ ഷെഹന ഷെറിൻ സഹജീവി സ്നേഹത്തിൻ്റെ പത്തരമാറ്റിൽ തിളങ്ങുകയാണിപ്പോൾ. കഴിഞ്ഞ ദിവസം നടന്ന തൻ്റെ വിവാഹത്തിന് വിവിധ മതസ്ഥരായ നാലുപേർക്ക് നാലരസെൻ്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും ജീവകാരുണ്യത്തിൻ്റെ ഉദാത്ത മാതൃകയായി. സ്വർണാഭരണങ്ങൾ വാങ്ങുന്ന പണമുപയോഗിച്ച് വലിയ സേവന പ്രവർത്തനങ്ങളും ഇവർ നടത്തി. പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ അന്ത്രുവിൻ്റെ മകൾ നടത്തുന്ന ഈ സേവനങ്ങൾ ആദ്യമായിട്ടല്ല. ബാപ്പച്ചിയുടെ നാട്ടിലെയും വിദേശത്തെയും സേവന പ്രവർത്തനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടു തന്നെ സ്വന്തം വിവാഹം വന്നെത്തിയപ്പോൾ മറ്റൊന്നുമാലോചിച്ചില്ല. തൻ്റെ ജീവിതത്തോടൊപ്പം നിരാലംബരായ ഒരു കൂട്ടമാളുകൾക്കും വെളിച്ചം പകരാൻ ഷഹന ആഗ്രഹിച്ചതിൻ്റെ സാക്ഷാത്കാരമായി ഓലപ്പന്തലിലൊരുക്കിയ ഈ വിവാഹവേദി.

വരനായ കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് ഷാഫിക്കും പൂർണസമ്മതം. ഒട്ടേറെ സമാന ഹൃദയങ്ങൾ അണിനിരന്ന ചടങ്ങിൽവെച്ച് നാലു പേർക്കുള്ള ഭൂമിയുടെ പ്രമാണ കൈമാറ്റം നടന്നു. 22 വയസ്സുകാരിയായ ഷഹന മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറിലും വൊളന്റിയറായി പ്രവർത്തിച്ച് രോഗികൾക്ക്‌ ആശ്വാസം നൽകുന്നുണ്ട്. ഒഴിവു സമയങ്ങളിൽ അനുജത്തി ഹിബ ഫാത്തിമക്കൊപ്പം കേക്കുണ്ടാക്കി വിറ്റ് ആ പണം അശരണരെ സഹായിക്കാനും നൽകുന്നു. ഷെഹനയുടെ ഈ സ്വർണ രഹിത വിവാഹം പുതിയ പ്രത്യാശ കൈവന്നവരുടെ സംഗമ വേദിയായി മാറി. മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെന്റർ ഡയാലിസിസ് യൂണിറ്റിനുള്ള ധനസഹായം, പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സാസഹായം, പാവപ്പെട്ട ഒരാൾക്ക് വീട് പുതുക്കിപ്പണിയാനുള്ള ധനസഹായം, 10 പേർക്ക് കുടിവെള്ള പദ്ധതി തുടങ്ങി ഒട്ടേറെ മറ്റു കാരുണ്യ പ്രവർത്തനങ്ങളും ഈ വിവാഹത്തോടനുബന്ധിച്ച് അന്ത്രു ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *