KOYILANDY DIARY

The Perfect News Portal

ലോക രക്തദാതൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14-ന് കോഴിക്കോട്ട് ആരോഗ്യ-സമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും

കോഴിക്കോട്: ലോക രക്തദാതൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14-ന് കോഴിക്കോട്ട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന ചടങ്ങുകള്‍  ആരോഗ്യ-സമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി ഈ രംഗത്ത് മികവുപുലര്‍ത്തുന്ന വ്യക്തികളെയും സംഘടനകളെയും രക്തബാങ്കുകളെയും ആദരിക്കും.

യുവജനങ്ങളില്‍ രക്തദാനത്തിന്റെ സന്ദേശമെത്തിക്കുന്നതിനും അതിനായി അവരെ പ്രേരിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ക്വിസ്, കലാപരിപാടികള്‍, സെമിനാര്‍, രക്തദാനക്യാമ്പ് തുടങ്ങിയവയും നടത്തുമെന്ന് എ.ഡി.എം. ടി. ജനില്‍കുമാര്‍ അറിയിച്ചു. 13-ന് രാവിലെ 10.30ന് 18-നും 25-നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടക്കും. രക്തദാനം, എച്ച്.ഐ.വി. എന്നീ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ്. സര്‍ക്കാര്‍- സ്വകാര്യ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 11-ന് ഉച്ചയ്ക്ക് രണ്ടിനുമുമ്പായി 9496020854 എന്ന നമ്പറില്‍ രജിസ്റ്റര്‍ചെയ്യണം. വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 14-ന് രാവിലെയാണ് രക്തദാനക്യാമ്പ്.